സൗത്ത് ഇന്ത്യന്‍ ബാങ്കിന് 90.54 കോടിയുടെ അറ്റാദായം

Posted on: January 17, 2020

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2019-20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 90.54 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ 83.85 കോടി രൂപയെക്കാള്‍ അറ്റാദായത്തില്‍ എട്ട് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭം 332.01 കോടി രൂപയില്‍ നിന്ന് 383.14 കോടി രൂപയായി. 15.40 ശതമാനമാണ് വര്‍ധന. പലിശ വരുമാനത്തില്‍ ഉണ്ടായ നേട്ടമാണ് ഈ വര്‍ധന കൈവരിക്കാന്‍ സഹായിച്ചത്.

ബാങ്കിന്റെ മൊത്തം ബിസിനസ് 12,479 കോടി രൂപ വര്‍ദ്ധിച്ച് 1,50,208 കോടി രൂപയായി. ഒന്‍പത് ശതമാനമാണ് വളര്‍ച്ച. നിക്ഷേപങ്ങള്‍ 11 ശതമാനം വര്‍ദ്ധിച്ച് 80,451 കോടി രൂപയായി. സേവിംഗ്‌സ് അക്കൗണ്ടുകള്‍ 2,517 കോടി രൂപ വര്‍ദ്ധിച്ച് 21,422 കോടി രൂപയും വായ്പകള്‍ 5,270 കോടി രൂപ വര്‍ദ്ധിച്ച് 65,334 കോടി രൂപയും ആയി.

അറ്റപലിശ വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 15.81 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതര വരുമാനത്തില്‍ 18.02 ശതമാനമാണ് വര്‍ദ്ധന. മൊത്തം നിഷ്‌ക്രിയ ആസ്തി 4.06 ശതമാനം രേഖപ്പെടുത്തി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാദം 12.02 ശതമാനമാണ്.