മുത്തൂറ്റ് ഫിനാൻസിന് 563 കോടി രൂപ സംയോജിത അറ്റാദായം

Posted on: August 12, 2019

കൊച്ചി : നടപ്പ് സാമ്പത്തിക വർഷം ഒന്നാം ക്വാർട്ടറിൽ മുത്തൂറ്റ് ഫിനാൻസിന്റെ സംയോജിത അറ്റാദായം ഒൻപതു ശതമാനം വർധിച്ച് 563 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 518 കോടിയായിരുന്നു സംയോജിത അറ്റാദായം. കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികൾ 30,997 കോടിയിൽ നിന്ന് 16 ശതമാനം വർധിച്ച് 35816 കോടി രൂപയായി. ആകെ കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികൾ 18 ശതമാനം വർധിച്ച് 40,228 കോടി രൂപയിലും എത്തി.

ഓഹരി ഒന്നിന് 12 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതായി ചെയർമാൻ എം.ജി. ജോർജ്ജ് മുത്തൂറ്റ് പറഞ്ഞു. ചെറുകിട നിക്ഷേപകരിൽ കേന്ദ്രീകരിച്ചു കൊണ്ട് കമ്പനി 851 കോടി രൂപയുടെ കടപ്പത്രങ്ങൾ പബ്ലിക് ഇഷ്യൂ ചെയ്തിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ പ്രതിമാസം ശരാശരി 6500 കോടി രൂപയുടെ സ്വർണ പണയ വായ്പകളാണ് തങ്ങൾ വിതരണം ചെയ്തതെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. വായ്പാ തുകയുടെ 156 ശതമാനം വരുന്ന ജാമ്യ സ്വർണ ആഭരണമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.