യു.ടി.ഐ. മാസ്റ്റര്‍ഷെയറില്‍ നിന്നുള്ള ആകെ വരുമാനം 15.78 ശതമാനം

Posted on: June 22, 2019

കൊച്ചി: രാജ്യത്തെ ആദ്യ ഓഹരി അധിഷ്ഠിത പദ്ധതിയായ യു.ടി.ഐ. മാസ്റ്റര്‍ ഷെയര്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ 15.78 ശതമാനം സംയോജിത നേട്ടം ലഭ്യമാക്കിയതായി ഈ വര്‍ഷം മെയ് 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അടിസ്ഥാന സൂചികയായ എസ്. ആന്റ് പി ബി.എസ്.ഇ. 100 ഇക്കാലയളവില്‍ 14.27 ശതമാനം മാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് മാസ്റ്റര്‍ഷെയറിന്റെ ഈ പ്രകടനം. പദ്ധതി തുടങ്ങിയ അവസരത്തില്‍ പത്തു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 11.95 കോടി രൂപയാകുമായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടിസ്ഥാന സൂചികയിലായിരുന്നു ഈ നിക്ഷേപമെങ്കില്‍ അത് 7.78 കോടി രൂപ മാത്രമേ ആകുമായിരുന്നുള്ളു.

ലാര്‍ജ് കാപ് പദ്ധതിയായി തരം തിരിച്ചിട്ടുള്ള യു.ടി.ഐ. മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതിയുടെ നിക്ഷേപ നിര എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇന്‍ഫോസിസ്, ടി.സി.എസ്., എല്‍ ആന്റ് ടി, ഐ.ടി.സി., ആക്്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ടെക് മഹീന്ദ്ര, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ മുന്‍നിര കമ്പനികളെല്ലാം അടങ്ങിയതാണ്. നിക്ഷേപത്തിന്റെ 50 ശതമാനവും പത്തു മുന്‍നിര ഓഹരികളിലാണ്. 6,100 കോടി രൂപയുടെ നിക്ഷേപവും 5.88 കോടി നിക്ഷേപകരും പദ്ധതിയിലുള്ളതായാണ് ഈ വര്‍ഷം മെയ് 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിപണിയില്‍ ഉയര്‍ച്ചയായാലും ഇടിവായാലും തടസമില്ലാതെ വാര്‍ഷിക ലാഭവിഹിതം നല്‍കുന്ന ദീര്‍ഘകാല റെക്കോര്‍ഡാണ് പദ്ധതിക്കുള്ളത്.

TAGS: UTI Mutual Fund |