ഡോ. ലക്ഷ്മി വേണു സുന്ദരം-ക്ലേട്ടണ്‍ എംഡിയായി ചുമതലയേറ്റു

Posted on: May 7, 2022

കൊച്ചി : ഇന്ത്യയിലെ പ്രമുഖ വാഹന ഘടക നിര്‍മ്മാതാക്കളായ സുന്ദരം-ക്ലേട്ടണ്‍ ലിമിറ്റഡിന്റെ (എസ്സിഎല്‍) മാനേജിംഗ് ഡയറക്ടറായി ഡോ. ലക്ഷ്മി വേണു ചുമതലയേറ്റു. സുന്ദരം ക്ലേട്ടണ്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായിരുന്നു ഡോ. ലക്ഷ്മി.

ആഗോളതലത്തില്‍ സുന്ദരം ക്ലേട്ടണ്‍ കാലുറപ്പിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ച ഡോ. ലക്ഷ്മി വേണു കഴിഞ്ഞ ഒരു ദശകമായി കമ്പനിയെ മുന്നില്‍നിന്നു നയിക്കുകയായിരുന്നു. ആഗോള ഫൗണ്ടറി ലോകത്ത് സുന്ദരം ക്ലേട്ടണിനെ മുന്‍നിരയിലേക്ക് എത്തിക്കുന്നതില്‍ ഡോ. ലക്ഷ്മി നിര്‍ണായക പങ്കുവഹിച്ചു. അതിന്റെ ഭാഗമായി യുഎസിലെ സൗത്ത് കരോലിനയിലെ ഡോര്‍ചെസ്റ്ററില്‍ ഫൗണ്ടറി സ്ഥാപിച്ചു. കമിന്‍സ്, ഹ്യൂണ്ടായ്, വോള്‍വോ, പാക്കര്‍, ഡൈംലര്‍ തുടങ്ങിയ നിരവധി ഉപഭോക്താളുമായി ആഴത്തിലുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ ഡോ. ലക്ഷ്മി നിര്‍ണായക പങ്കുവഹിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി ലക്ഷ്മിയുടെ ശ്രദ്ധയും അര്‍പ്പണബോധത്തോടെയുള്ള പരിശ്രമവും കമ്പനിയുടെ ഗുണമേന്മയിലും ലാഭക്ഷമതയിലും ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിലും വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് സുന്ദരം-ക്ലേട്ടണ്‍ ചെയര്‍മാന്‍ എമിരിറ്റസ് വേണു ശ്രീനിവാസന്‍ പറഞ്ഞു. അടുത്തിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കമ്പനിയുടെ യുഎസ് പ്രവര്‍ത്തനങ്ങളുടെ സ്ഥാപനത്തിന് ചുക്കാന്‍ പിടിച്ച ഡോ. ലക്ഷ്മിയുടെ നേതൃത്വത്തില്‍ സുന്ദരം-ക്ലേട്ടണ്‍ ആഗോളതലത്തില്‍ അതിന്റെ ഉയര്‍ച്ച കാണുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും വേണു ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

സുന്ദരം ക്ലേട്ടണിനെ അതിന്റെ അടുത്ത ഘട്ട വളര്‍ച്ചയിലേക്ക് നയിക്കാനായി തന്നെ തെരഞ്ഞെടുത്തത് ബഹുമതിയായിട്ടാണ് താന്‍ കണക്കാക്കുന്നത്. ലോകം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. ഓട്ടോമോട്ടീവ് വ്യവസായത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. വന്‍മാറ്റമാണ് അവിടെ സംഭവിക്കുന്നത്. അതിന്റെ ഭാവി ആവേശകരവും വെല്ലുവിളി നിറഞ്ഞതും പുതിയ അവസരങ്ങള്‍ നല്‍കുന്നതുമാണ്. തങ്ങള്‍ക്ക് ഒരു മികച്ച ടീമുണ്ട്, ഇന്ത്യയിലും ആഗോളതലത്തിലും സുന്ദരം ക്ലേട്ടണെ ശക്തിപ്പെടുത്തുമെന്ന് മാനേജിംഗ് ഡയറക്ടറുടെ ചുമതല ഏറ്റെടുത്തുകൊണ്ട് ഡോ. ലക്ഷ്മി വേണു പറഞ്ഞു.