ശിവൻ ജെ. കെ. ധനലക്ഷ്മി ബാങ്ക് എംഡി

Posted on: December 28, 2020

തൃശൂര്‍ : കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായി മലയാളിയായ ജെ.കെ. ശിവന്‍ നിയമിതനായേക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മൂന്നര പതിറ്റാണ്ട് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, അവിടെ നിന്ന് ചീഫ് ജനറല്‍ മാനേജരായി ഈയിടെ വിരമിച്ചിരുന്നു. എസ്.ബി.ഐ.യില്‍ കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശിവന്റെ നിയമനത്തിന് ഒരു മാസത്തിനുള്ളില്‍ ഓഹരിയുടമകളുടെ അനുമതി തേടാന്‍ റിസര്‍വ് ബാങ്ക് ധനലക്ഷ്മി ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ എം.ഡി.യായിരുന്ന സുനില്‍ ഗുര്‍ബക്‌സാനിയെ ഓഹരിയുടമകള്‍ നീക്കം ചെയ്ത സാഹചര്യത്തിലാണ് ഇത്. ഓഹരിയുടമകളുടെ അനുമതിക്കു ശേഷം മാത്രമായിരിക്കും നിയമനത്തിന് ആര്‍.ബി.ഐ. അംഗീകാരം നല്‍കുക. ഇലക്ട്രോണിക് വോട്ടിംഗിലൂടെ ധനലക്ഷ്മി ബാങ്ക് ഓഹരിയുടമകളുടെ അനുമതി തേടുമെന്നാണ് സൂചന.