പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 10 ന്

Posted on: December 7, 2020


ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഡിസംബര്‍ 10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി തറക്കല്ലിടും. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നതെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

”സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ പുതിയ കെട്ടിടത്തില്‍ സമ്മേളനം ചേരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂകമ്പത്തെ പ്രതിരോധിക്കാനാവുന്ന രീതിയിലാണ് നിര്‍മാണം. ലോക്സഭയില്‍ 888 പേര്‍ക്കും രാജ്യസഭയില്‍ 384 പേര്‍ക്കും ഇരിപ്പിടമുണ്ടാവും. നിലവില്‍ ലോക്സഭയില്‍ 543-ഉം രാജ്യസഭയില്‍ 245-ഉം അംഗങ്ങളാണുള്ളത്. ഇരുസഭകളിലെയും എം.പി.മാര്‍ക്ക് വെവ്വേറെ ഓഫീസടങ്ങിയ കെട്ടിടസമുച്ചയം നിലവിലുള്ള ശ്രം ശക്തി ഭവന്റെ സ്ഥലത്ത് നിര്‍മിക്കും. വായു-ശബ്ദ നിയന്ത്രണ, ഡിജിറ്റല്‍ സംവിധാനങ്ങളൊരുക്കും. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഹാള്‍, എം.പി.മാര്‍ക്കുള്ള ലോഞ്ച്, ലൈബ്രറി, പാര്‍ലമെന്റ് സമിതികള്‍ക്കുള്ള മുറികള്‍, ഭക്ഷണശാലകള്‍ എന്നിവയും ഒരുക്കും.

നിലവിലുള്ള കെട്ടിടം നവീകരിച്ച് രാജ്യത്തിന്റെ പുരാവസ്തു സ്വത്തായി സംരക്ഷിക്കും. 560 അടി വ്യാസമുള്ള വലിയ വൃത്താകൃതിയിലുള്ളതാണ് നിലവിലുള്ള കെട്ടിടം.

ഈവര്‍ഷം സെപ്റ്റംബറില്‍ 861.90 കോടി രൂപ ചെലവില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയാനുള്ള ലേലം ടാറ്റ പ്രോജക്ട് ലിമിറ്റഡാണ് നേടിയത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തറക്കല്ലിടല്‍ ചടങ്ങിന് ക്ഷണക്കത്ത് നല്‍കിയതായി സ്പീക്കര്‍ പറഞ്ഞു.