രാജ്യത്ത് 14 വാട്ടർ എയ്‌റോഡ്രോമുകൾ വരുന്നു

Posted on: November 3, 2020

ന്യൂഡല്‍ഹി : ഉഡാന്‍ പദ്ധതിയിലുള്‍പ്പെടുത്തി 14 വാട്ടര്‍ എയ്‌റോഡ്രോമുകള്‍ കൂടി നിര്‍മിച്ച് ജലവിമാന സര്‍വീസിന് കേന്ദ്രസര്‍ക്കാര്‍. ഗുജറാത്തിലെ സബര്‍മതി നദിയിലാരംഭിച്ച സീ പ്ലെയിന്‍ സര്‍വീസിനു ശേഷം നടത്തേണ്ട സര്‍വീസുകളുടെ സാധ്യതകള്‍ സംബന്ധിച്ച് ഹൈഡ്രോഗ്രാഫിക് സര്‍വേ നടത്തും.

രാജ്യത്ത് ആദ്യം ജലവിമാന പദ്ധതി അലോചിച്ച കേരളത്തില്‍ ഇതിലൊരണ്ണം പോലുമില്ല. എയര്‍പോര്‍ട്ട് അതോറിറ്റി, വ്യോമയാന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ഉള്‍ നാടന്‍ ജലഗതാഗത അതോറിറ്റിയാകും സര്‍വേ നടത്തുക. ഫ്‌ളോട്ടിംഗ് ജെട്ടികള്‍, കോണ്‍ക്രീറ്റ് ജെട്ടികള്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള സൗകര്യങ്ങളാണ് വിലയിരുത്തുക.

ഉത്തരാഖണ്ഡിലെ തെഹ് രി ഡാം, അസമില്‍ ഗുവാഹത്തി, ഉറംഗ്‌ദോ റിസര്‍വോയര്‍ മഹാരാഷ്ട്രയിലെ ഖിന്‍ഡ്‌സി, ഇറായ് ഡാമുകള്‍, ആന്ധ്രയിലെ പ്രകാശം അണക്കെട്ട്, ലക്ഷദ്വീപിലെ കവറത്തി, മിനിക്കോയ് ആന്‍ഡമാനിലെ ഹാവ്‌ലോക്ക്, നീല്‍ ലോംഗ്, ഹട്ട്‌ബേ ദ്വീപുകള്‍ , ഗുജറാത്തിലെ ധാരോഖ്, ശത്രുഞ്ജയ എന്നിവിടങ്ങളിലാണ് സര്‍വീസിന് ഉദ്ദേശിക്കുന്നത്.