ആഗോള തലത്തിലെ സ്വര്‍ണ നിക്ഷേപത്തില്‍ വര്‍ധനവ്

Posted on: October 30, 2020

കൊച്ചി: സ്വര്‍ണത്തിനായുള്ള ആവശ്യം ആഗോള തലത്തില്‍ 19 ശതമാനം ഇടിഞ്ഞ് 892 ടണ്‍ ആയെന്ന് ഈ വര്‍ഷത്തെ മൂന്നാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009 മൂന്നാം ത്രൈമാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്.

ഇങ്ങനെ മൊത്തത്തിലുള്ള ആവശ്യം കുറയുമ്പോഴും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധിച്ചതായും ആഗോള ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 222.1 ടണ്‍ സ്വര്‍ണമാണ് ബാറുകളും നാണയങ്ങളുമായി വാങ്ങിയത്. ഇതിനു പുറമെ 272.5 ടണ്‍ ഇടിഎഫുകളിലൂടേയും വാങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സ്വര്‍ണ ഇടിഎഫുകള്‍ റെക്കോര്‍ഡ് നിലയില്‍ 1003.3 ടണ്‍ ആയി ശേഖരം ഉയര്‍ത്തിയിട്ടുമുണ്ട്.

കോവിഡ് സാമൂഹിക അകലം, സമ്പദ്ഘടനയുടെ തകര്‍ച്ച, ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില തുടങ്ങിയവ ആഭരണങ്ങള്‍ വാങ്ങുന്നവരെ വന്‍ തോതില്‍ നിരുല്‍സാഹപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ രംഗത്തെ ആവശ്യത്തില്‍ 29 ശതമാനം വാര്‍ഷിക ഇടിവാണുള്ളത്.

സ്വര്‍ണ ബാറുകളുടേയും നീണയങ്ങളുടേയും മാത്രം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 49 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പാശ്ചാത്യ വിപണികള്‍, ചൈന, തുര്‍ക്കി എന്നിവിടങ്ങളിലാണ് കൂടുതല്‍ ആവശ്യം ഉയര്‍ന്നത്. ഇതേ സമയം ആഭരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. സ്വര്‍ണത്തിന്റെ ആകെ ലഭ്യതയുടെ കാര്യത്തില്‍ മൂന്നു ശതമാനം ഇടിവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

TAGS: Gold Investment |