വസ്ത്രകയറ്റുമതി മേഖല കരകയറുന്നു

Posted on: October 19, 2020

 

മുംബൈ: കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വസ്ത്ര കയറ്റുമതി മേഖല കരകയറുന്നു. സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി സെപ്റ്റംബര്‍ മാസം വസ്ത്ര കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എ.ഇ.പി.സി.) ചെയര്‍മാന്‍ എ. ശക്തിവേല്‍ വ്യക്തമാക്കി. സെപ്റ്റംബറിലെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.22 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരട്ടയക്കത്തിലുള്ള വളര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഏപ്രില്‍ മാസം വസ്ത്ര കയറ്റുമതിയില്‍ 90 ശതമാനം വരെ ഇടിവുണ്ടായിരുന്നു. 2019 സെപ്റ്റംബറില്‍ 108 കോടി ഡോളറിന്റെ (7931 കോടി രൂപ) കയറ്റുമതിയായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണയിത് 119 കോടി ഡോളറായി (8739 കോടി രൂപ) ഉയര്‍ന്നിട്ടുണ്ട്.