പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം 56 സി എന്‍ ജി സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു

Posted on: September 11, 2020

ന്യൂഡല്‍ഹി : ഇന്ത്യയിലെ സി എന്‍ ജി റീട്ടെയ്ൽ ശൃംഖലയുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് പുതിയ 56 സി എന്‍ ജി സ്റ്റേഷനുകള്‍ കൂടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന 56 സി എന്‍ ജി സ്റ്റേഷനുകള്‍, പ്രതിദിനം സി എന്‍ ജി നിറയ്ക്കാവുന്ന വാഹനങ്ങളുടെ എണ്ണം 50,000 ആക്കി ഉയര്‍ത്തും.

കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലാണ് പുതിയ സി എന്‍ ജി സ്റ്റേഷനുകള്‍. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സി ജി ഡി) ശൃംഖലയില്‍പ്പെടുന്ന ഇന്ത്യന്‍ ഓയില്‍, ഭാരത് ഗ്യാസ്, ഗെയില്‍, ഇന്ത്യന്‍ ഓയില്‍- അദാനി ഗ്യാസ്, എച്ച് പി സി തുടങ്ങി 14 കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടും.

കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ സി എന്‍ ജി സ്റ്റേഷനുകളുടെ എണ്ണം 947 ല്‍ നിന്ന് 2300 ആയി വര്‍ധിച്ചതായി മന്ത്രി പറഞ്ഞു. നീലജ്വാല വിപ്ലവം മുന്നേറുകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ഗ്യാസ് അധിഷ്ഠിത സമ്പദ്ഘടനയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് എണ്ണ- പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി തരുണ്‍ കപൂര്‍ പറഞ്ഞു. സി എന്‍ ജി കിറ്റോടു കൂടിയ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അദ്ദേഹം വാഹന നിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചു.