കൊച്ചി – കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി : കൺസൾട്ടന്റിനെ തെരഞ്ഞെടുത്തു

Posted on: August 18, 2020

കൊച്ചി : കൊച്ചി കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയുടെ മാസ്റ്റർ പ്ലാന്‍ കൺസൾട്ടന്റായി സിഎച്ച്എം ഹില്‍ ഇന്ത്യയെ തെരഞ്ഞെടുത്തു. ദേശീയ വ്യവസായ ഇടനാഴി കമ്പനിയുടെ കീഴില്‍ വരുന്ന കൊച്ചി- കോയമ്പത്തൂര്‍ ഇടനാഴിയുടെ മാസ്റ്റർ  പ്ലാന്‍, റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ഡിസൈന്‍, സ്മാര്‍ട്ട് ഇന്‍ഡസ്ട്രീയല്‍ മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്റെ വിശദമായ പദ്ധതി രേഖ എന്നിവ ഈ ഏജന്‍സി തയാറാക്കും. 30 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കണം. 6.78 കോടി രൂപ കരാര്‍ തുക.

പ്ലാന്‍ തയാറാക്കുന്നതിനൊപ്പം പദ്ധതിയുടെ പരിസ്ഥിതി അനുമതി വാങ്ങുക, കരാറുകാരെ തിരഞ്ഞെടുക്കുക. മോഡല്‍ സിലക്ഷന്‍ തുടങ്ങിയ ചുമതലകളും ഇവര്‍ക്കുണ്ട്. കേരളത്തിനുള്ളില്‍ 160 കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള വ്യവസായ ഇടനാഴിക്കു കഴിഞ്ഞ സെപ്റ്റംബറിലാണ് അനുമതി ലഭിച്ചത്. പദ്ധതിയിലെ ആദ്യ ക്ലസ്റ്ററിനായി പാലക്കാട്ട് 1800 ഏക്കര്‍
ഭൂമി കണ്ടെത്തിക്കഴിഞ്ഞു.