അന്വേഷണ ഏജന്‍സികള്‍ക്ക് ഇനി പാന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും

Posted on: July 25, 2020

ന്യൂഡല്‍ഹി : ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു സഹായകരമായ തരത്തില്‍ വ്യക്തികളുടെ പാന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സിബിഐയും എന്‍ഐഎയും അടക്കം 10 അന്വേഷണ ഏജന്‍സികള്‍ക്ക് ആദായനികുതി വകുപ്പ് കൈമാറും.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട്ട് ടാക്‌സസ്) ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ആദായ നികുതി റിട്ടേണ്‍ (ടിഡിഎസ്), നികുതി കിഴിവ് ചെയ്യുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ (ടാന്‍) അടക്കം പരസ്പര സമ്മതത്തോടെ ഏതു വിവരവും കൈമാറാം എന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

കുറ്റകൃത്യങ്ങളിലേക്കും വിധ്വംസ്വക പ്രവര്‍ത്തനങ്ങളിലേക്കും ചെന്നത്താവുന്ന വ്യക്തികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും വിവരങ്ങള്‍ കൈമാറി അന്വേഷണം ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) വഴിയായിരിക്കും വിവരങ്ങള്‍ കൈമാറുക. ഇതിനായി പ്രത്യക്ഷ നികുതിബോര്‍ഡും നാറ്റ്ഗ്രിഡും ധാരണാപത്രം ഒപ്പിടും. സിബിഐ, ഡിആര്‍ഐ, ഇജി, കസ്റ്റംസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ഐബിജിഎസ്ടി ഇന്റലിജന്‍സ്, നാര്‍കോട്ടിക്, കണ്‍ട്രോള്‍ ബ്യൂറോ, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, എന്‍ഐഎ എന്നിവയാണ് 10 ഏജന്‍സികള്‍. നിലവില്‍ ഇവര്‍ക്ക് നാറ്റ് ഗ്രിഡില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

TAGS: CDBT | TAN | TDS |