പ്രൊജക്റ്റ് മുംബൈക്ക് യു.എന്‍ എസ്ഡിജി ആക്ഷന്‍ സോളിഡാരിറ്റി അവാര്‍ഡ്

Posted on: July 18, 2020

കൊച്ചി: കോവിഡ് 19 മഹാമാരിക്കെതിരായി സ്വീകരിച്ച മാനുഷിക നടപടികള്‍ക്ക് സാമൂഹ്യ സംരംഭമായ പ്രൊജക്ട് മുംബൈയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ (യു.എന്‍) എസ്ഡിജി ആക്ഷന്‍ സോളിഡാരിറ്റി അവാര്‍ഡ്. യു.എന്‍ എസ്ജിഡി ആക്ഷന്‍ ലോകമെമ്പാടും നടത്തിയ ക്യാമ്പയിന്‍ വഴിയാണ് ഐക്യദാര്‍ഢ്യത്തിന്റെ ഏറ്റവും പ്രചോദനാത്മകമായ മികച്ച 50 സംരംഭങ്ങളില്‍ പ്രൊജക്ട് മുംബൈയുടെ സിഇഒയും സ്ഥാപകനുമായ ഷിഷിര്‍ ജോഷിയും ഇടംപിടിച്ചത്. മുംബൈയില്‍ കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഏറ്റവും മുന്നിലുള്ള പ്രൊജക്ട് മുംബൈ, പൊതുജന-സ്വകാര്യ പങ്കാളിത്തത്തോടെ സാമൂഹ്യ പരിവര്‍ത്തനത്തിനായി പ്രയത്‌നിക്കുന്ന സംരംഭമാണ്. ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍ ആഗോള വിജയികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചെങ്കിലും ഈ മേഖലയില്‍ നിന്നുള്ള ഏക സംരംഭമാണ് പ്രൊജക്ട് മുംബൈ.

20 മാസം മുമ്പാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് മുംബൈ പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ നൂറു ദിവസത്തിനിടെ മൂന്ന് മാനസികാരോഗ്യ ഹെല്‍പ്പ്‌ലൈനുകള്‍ ആരംഭിച്ചു. ദുര്‍ബലരായ മുതിര്‍ന്ന പൗരന്മാര്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്ന അംഗ പരിമിതര്‍ക്കും പലചരക്ക് സാധനങ്ങളും മരുന്നുകളും നല്‍കുന്നതിന് സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ശൃംഖലയും സ്ഥാപിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് രണ്ടു ലക്ഷം പിപിഇ കിറ്റുകളും മുംബൈ പൊലീസിന് പതിനായിരത്തിലധികം പിപിഇ കിറ്റുകളും രണ്ട് ലക്ഷം മാസ്‌കുകളും നല്‍കി. വിവിധ സംരംഭങ്ങളിലായി 45 ലക്ഷം ഭവനരഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും പാചകം ചെയ്ത ഭക്ഷണം എത്തിച്ചു. കൂടാതെ 20,000 കുടുംബങ്ങള്‍ക്ക് പലചരക്ക് കിറ്റുകളും ലഭ്യമാക്കി. കോവിഡ് 19 വ്യാപനത്തിനിടയിലും ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും, പുനരുജ്ജീവിപ്പിക്കുന്നതിനും, അവര്‍ക്ക് പ്രചോദനം നല്‍കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലോകമെമ്പാടുമുള്ള പിന്തുണയോടെ യുഎന്‍ എസ്ഡിജി ആക്ഷന്‍ അവാര്‍ഡിന് പ്രൊജക്ട് മുംബൈയെ അര്‍ഹമാക്കിയത്.