അള്‍ട്രാ വയലറ്റ് ബാഗേജ് ഡിസിന്‍ഫെക്ടറുമായി എന്‍. പി. ഒ. എല്‍.

Posted on: June 27, 2020

കൊച്ചി : പ്രതിരോധ ഗവേഷണ കേന്ദ്രത്തിനു (ഡി.ആര്‍.ഡി.ഒ.) കീഴിലുള്ള തൃക്കാക്കര നേവല്‍ ഫിസിക്കള്‍ ആന്റ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയും (എന്‍. പി.ഒ.എല്‍) ഹൈദരാബാദിലെ അപ്പോളോ മൈക്രോ സിസ്റ്റംസ് കമ്പനിയും ചേര്‍ന്ന് നൂതനമായ അള്‍ട്രാ വയലറ്റ് ബാഗേജ് ഡിസിന്‍ഫെക്ടര്‍ സംവിധനം പുറത്തിറക്കി. നേരത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും കണ്ണൂര്‍ വിമാനത്താവളത്തിലും ഈ സംവിധാനത്തിന്റെ ആദ്യ പതിപ്പ് എന്‍.പി.ഒ.എല്‍. സ്ഥാപിച്ചിരുന്നു.

ഹൈദരാബാദിലെ കമ്പനിയുമായി ചേര്‍ന്ന് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഡിസിന്‍ഫെക്ടര്‍ സംവിധാനം പൂര്‍ണായും സ്വയം പര്യാപ്തത ഉള്ളതും ബസ് സ്റ്റാന്‍ഡ് മുതല്‍ കമ്പനി ഗേറ്റുകളില്‍ വരെ എളുപ്പത്തില്‍ സ്ഥാപിക്കാവുന്നതുമായ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. കണ്‍വേയര്‍ ബെല്‍റ്റിലൂടെ നീങ്ങുന്ന ബാഗുകളെ ഒരു ചേംബറില്‍ എത്തിച്ച് കൃത്യമായ അളവില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ പതിപ്പിച്ച് അണുവിമുക്തമാക്കുന്ന രീതിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്.

സേഫ്റ്റി പ്രോട്ടോക്കോളുകള്‍ പാലിച്ച് നിര്‍മിച്ചിരിക്കുന്നതിനാല്‍ പുറത്തേക്കുള്ള റേഡിയേഷന്‍ വികിരണ സാദ്ധ്യതയും ഉണ്ടാകില്ല. ഡല്‍ഹിയിലെ ഡി.ആര്‍.ഡി.ഒ. ആസ്ഥാനത്തുനിന്ന് റിമോട്ട് ഓണ്‍ലൈന്‍ സ്വിച്ച് ഓണിലൂടെ ഹൈദരാബാദിലുള്ള ആദ്യ ഡിസിന്‍ഫെതക്ടര്‍ സംവിധാനം പ്രവര്‍ത്തിച്ച് ഡി.ആര്‍.ഡി.ഒ. ചെയര്‍മാന്‍ ഡോ. സതീശ് റെഡ്ഡി ഉദ്ഘാടനം ചെയ്തു. നേവല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജന.ഡോ. സമീര്‍ വി. കാമത്ത്, എന്‍. പി. ഒ. എല്‍. ഡയറക്ടര്‍ എസ്. വിജയന്‍പിള്ള, ഗ്രൂപ്പ് ഡയറക്ടര്‍ സമീര്‍ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.