നഷ്ടപരിഹാരത്തിന് ആദായനികുതി ബാധകമല്ല – ഹൈക്കോടതി

Posted on: May 20, 2020


കൊച്ചി : വികസനപദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി ലഭിച്ച തുകയ്ക്ക് ആദായനികുതി അടയ്ക്കണമെന്നുകാട്ടി ആദായനികുതി വിഭാഗം നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. തമ്മനം – പുല്ലേപ്പടി റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്ക് ലഭിച്ച നഷ്ടപരിഹാരത്തുകയില്‍ നിന്ന് 9.4 ലക്ഷം രൂപ ആദായനികുതി അടയ്ക്കാന്‍ നിര്‍ദേശിച്ച് നല്‍കിയ നോട്ടീസാണ് ഹൈക്കോടതി റദ്ദാക്കിയത്.

2013 – ലെ റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്റ് ട്രാന്‍സ്പരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് ആക്ട് പ്രകാരം നഷ്ടപരിഹാരത്തുകയ്ക്ക് ആദായനികുതി ഈടാക്കാനാവില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.

3.26 സെന്റ് സ്ഥലവും 1500 ചതുരശ്രയടി കെട്ടിടവുമാണ് റോഡ് പദ്ധതിക്കായി വിട്ടുനല്‍കിയത്. 2016 – ല്‍ കരാര്‍മുഖേന ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തില്‍ 80 ശതമാനം തുക ഹര്‍ജിക്കാരന് നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഈ തുകയുടെ ആദായനികുതി അടയ്ക്കണെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്.