ടാറ്റ ട്രസ്റ്റ്‌സ് നാല് ആശുപത്രികള്‍ വികസിപ്പിക്കുന്നു

Posted on: May 15, 2020

കൊച്ചി: ടാറ്റ ട്രസ്റ്റ്‌സ് ഉത്തര്‍പ്രദേശിലേയും മഹാരാഷ്ട്രയിലേയും രണ്ടുവീതം സര്‍ക്കാര്‍ ആശുപത്രികള്‍ പുനരുദ്ധരിച്ച് കോവിഡ് 19 ചികിത്സാകേന്ദ്രങ്ങളാക്കുന്നു. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനും ഒപി വിഭാഗത്തിലുമായി ഉടനടി ചികിത്സ ലഭ്യമാക്കുന്ന രീതിയിലുള്ള സ്ഥിരസൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. മനുഷ്യരാശി നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയായ കോവിഡ് 19-നെ നേരിടുന്നതിന് അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണമെന്ന ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ എന്‍. ടാറ്റയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നാല് ആശുപത്രികള്‍ തയാറാക്കുന്നത്.

മഹാരാഷ്ട്രയിലെ സാംഗ്‌ളിയില്‍ അന്‍പത് കിടക്കകളുള്ള ആശുപത്രിയും ബുല്‍ധാനയില്‍ 106 കിടക്കകളുള്ള ആശുപത്രിയുമാണ്തയാറാകുന്നത്. ഉത്തര്‍പ്രദേശില്‍ ഗൗതംബുദ്ധ നഗറില്‍ 168 കിടക്കകളുള്ള ആശുപത്രിയും ഗോണ്ടയില്‍ 106 കിടക്കകളുള്ള ആശുപത്രിയുമാണ് സജ്ജമാകുന്നത്. പെട്ടെന്നുതന്നെ പ്രവര്‍ത്തനസജ്ജമാകുന്നതിനാണ് നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പുനരുദ്ധരിക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ 15-ന് പുതിയ സൗകര്യം ട്രസ്റ്റ് കൈമാറും.

അടിയന്തരചികിത്സാ സൗകര്യങ്ങള്‍, മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍, അടിസ്ഥാന രോഗപരിശോധനയ്ക്കും റേഡിയോളജിക്കും ഡയാലിസിസിനും, രക്തം സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍, ടെലിമെഡിസിന്‍ യൂണിറ്റ് എന്നിവയാണ് ഇവിടെ ഒരുക്കുന്നത്.

കാന്‍സര്‍ ചികിത്സയിലുള്ള ടാറ്റ ട്രസ്റ്റിന്റെ അനുഭവപരിചയമാണ് ഇത്തരം ആശുപത്രികള്‍ ആധുനികവത്കരിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് നിര്‍മ്മാണം നടത്തുന്നത്. എഡിഫൈസ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് രൂപകല്‍പ്പന നിര്‍വഹിച്ചത്.

സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും ആശുപത്രികള്‍ക്കും കവര്‍ഓള്‍ സഹിതമുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, എന്‍95, കെഎന്‍ 95 മാസ്‌കുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, കൈയുറകള്‍, കണ്ണടകള്‍ എന്നിവ ട്രസ്റ്റ് വിതരണം ചെയ്തിരുന്നു. കൂടാതെ 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റുകളും വിതരണം ചെയ്തു.