അടച്ചിട്ട വ്യവസായപ്ലാന്റുകള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശം

Posted on: May 11, 2020

ന്യൂഡല്‍ഹി : പൂട്ടിയിട്ട വ്യവസായശാലകള്‍ തുറക്കുമ്പോള്‍ ജാഗ്രതപാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി (എന്‍.ഡി.എം.എ.) നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അതോറിറ്റി ഞായറാഴ്ച പുറത്തിറക്കി.

വിശാഖപട്ടത്ത് രാസവ്യവസായ ശാലയില്‍ നിന്ന് വാതകം ചോര്‍ന്ന് 12 പേര്‍ മരിച്ച പശ്ചാത്തലത്തിലാണു നടപടി. അടച്ചിടല്‍ കാലം കഴിഞ്ഞ് വ്യവസായശാലകള്‍ തുറക്കുമ്പോള്‍ ആദ്യ ആഴ്ച പരിശോധന സമയമായി കണകക്കാക്കണമെന്ന് എന്‍.ഡി.എം.എ. പറഞ്ഞു.

തുറക്കുന്ന വ്യവസായശാലകളുടെ സുരക്ഷയും തൊഴിലാളികളുടെ സുരക്ഷയും ഉറപ്പാക്കണം. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിര്‍മാണ സംവിധാനങ്ങളിലും കുഴലുകളിലും വാല്‍വുകളിലും രാസപദാര്‍ഥങ്ങളുടെ അംശം കെട്ടിനിന്ന് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എന്‍.ഡി.എം.എ. മുന്നറിയിപ്പുനല്‍കി.

ഫാക്ടറികളും പരിസരങ്ങളും 24 മണിക്കൂര്‍ ശുചീകരണം. രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൂടുമ്പോള്‍ ഫാക്ടറികള്‍ അണുവിമുക്തമാക്കണം. പൊതുസ്ഥലങ്ങള്‍, ഭക്ഷണമുറികള്‍, പൊതുവായി ഉപയോഗിക്കുന്ന മേശകള്‍ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. ഓരോ ഉപയോഗത്തിനും ശേഷം ശുചീകരിക്കണം. തൊഴിലാളികളുടെ താമസ സ്ഥലം ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്യണം.

അപകടസാധ്യത പരിമിതപ്പെടുത്താനായി പ്രത്യേക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളെ ബോധവത്കരിക്കണം. അസ്വാഭാവിക കാര്യങ്ങള്‍ തിരിച്ചറിയാന്‍ പരിശീലിപ്പിക്കണം. അപരിചിത ശബ്ദങ്ങള്‍, ഗന്ധങ്ങള്‍, പൊട്ടിക്കിടക്കുന്ന വയറുകള്‍, കുലുക്കങ്ങള്‍, ചോര്‍ച്ചകള്‍, പുക തുടങ്ങിയവ തിരിച്ചറിയാന്‍ ഇവര്‍ക്കു കഴിയണം. പെട്ടെന്ന് അറ്റകുറ്റപ്പണി ആവശ്യമുണ്ടെന്നോ, പെട്ടെന്ന് ഫാക്ടറി അടയ്‌ക്കേണ്ടതുണ്ടെന്നോ അടിയന്തരമായി മനസ്സിലാക്കാന്‍ സാധിക്കണം.

സുരക്ഷാ കോഡുകളുടെ തെറ്റായ പ്രയോഗം, തെറ്റായി ലേബല്‍ ചെയ്ത രാസവസ്തുക്കള്‍ തുടങ്ങിയവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഇക്കാര്യത്തില്‍ മുന്‍കരുതല്‍ വേണം. ഗുരുതരമായ അപകടസാധ്യതയുള്ള വ്യവസായ യൂണിറ്റുകളില്‍ ദുരന്തനിവാരണത്തിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. തുറക്കുന്നതിനു മുമ്പ് വിശദമായ സുരക്ഷാ ഓഡിറ്റ് നടത്തണം. വിഷാംശം നിറഞ്ഞ അസംസ്തൃതവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന പ്ലാന്റുകള്‍ തുറക്കുന്നതിനു മുമ്പ് കാര്യക്ഷമമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഓപ്പേറേറ്റിംഗ് ഫ്‌ളൂയിഡ് ഒഴുകി ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തണം.

TAGS: Inustrial Plant |