കോവിഡ്-19 ഹെല്‍ത്ത് കാമ്പയിനുമായി ടാറ്റ ട്രസ്റ്റ്‌സ്

Posted on: April 25, 2020

കൊച്ചി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യശീലങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി ടാറ്റ ട്രസ്റ്റ്‌സ് രാജ്യവ്യാപകമായി ഹെല്‍ത്ത് കാമ്പെയിന്‍ ആരംഭിച്ചു. മാര്‍ച്ച് 31 ന് ആരംഭിച്ച ഈ കാമ്പെയിന്‍ ഇതിനോടകം 21 സംസ്ഥാനങ്ങളിലായി 12 ദശലക്ഷം ആളുകളിലേക്കെത്തിക്കഴിഞ്ഞു.

കാമ്പെയിന്റെ ഭാഗമായി വിവിധ ഭാഷകളിലായി 300 ലധികം ബോധവത്കരണ വീഡിയോകളും ഓഡിയോ സന്ദേശങ്ങളുമാണ് തയ്യാറാക്കിയത്. നാനാ പടേക്കറും ഹര്‍ഭജന്‍ സിംഗും സഞ്ജു സാംസണുമടക്കം 70 ലധികം സെലിബ്രറ്റികള്‍ ഈ കാമ്പയിന്റെ ഭാഗമാകുന്നുണ്ട്. ടാറ്റ ട്രസ്റ്റ്‌സിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയിരിക്കുന്ന ഈ കാമ്പെയിന്‍ കോവിഡ് ബോധവത്കരണത്തിനായി ഏത് സംഘടനകള്‍ക്കും ഉപയോഗിക്കാവുന്നതാണ്.

കൈ കഴുകേണ്ട രീതി, സാമൂഹിക അകലം പാലിക്കേണ്ടുന്നതിന്റെ പ്രാധാന്യം, ശ്വസനസംബന്ധമായ മര്യാദകള്‍, ശരിയായ ഇടങ്ങളില്‍ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കല്‍, കോവിഡ്-19 ന്റെ നേരത്തെയുള്ള തിരിച്ചറിയല്‍, തിരിച്ചെത്തുന്ന പ്രവാസികള്‍ സെല്‍ഫ് ക്വാറന്റീനില്‍ സ്വീകരിക്കേണ്ടുന്ന പെരുമാറ്റച്ചട്ടം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് ഈ കാമ്പെയിനിലൂടെ നടത്തുന്നത്.

21 സംസ്ഥാനങ്ങളിലായി 430 മാസ്റ്റര്‍ ട്രെയിനര്‍മാരിലൂടെയും 8700 കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരിലൂടെയുമാണ് ടാറ്റ ട്രസ്റ്റ്‌സ് ഈ സന്ദേശം ഭാരതത്തിലെ ഗ്രാമങ്ങളിലേക്കെത്തിക്കുന്നത്.