വ്യോമഗതാഗതം പുനരാരംഭിക്കുന്നത് കോവിഡിനു ശേഷമെന്ന് കേന്ദ്രമന്ത്രി

Posted on: April 21, 2020

മുംബൈ : രാജ്യത്ത് കോവിഡ് 19 വ്യാപനം നിയന്ത്രണവിധേയമായെന്ന് തീര്‍ച്ചപ്പെടുത്തിയതിനുശേഷം മാത്രമേ വ്യോമഗതാഗതം അനുവദിക്കൂ എന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംങ്ങ് പുരി. സര്‍ക്കാരില്‍ നിന്നോ വ്യോമയാന മന്ത്രാലയത്തില്‍ നിന്നോ നിര്‍ദേശമില്ലാതെ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് നാലുമുതല്‍ സര്‍വീസുകള്‍ പുരരാംഭിക്കുമെന്ന പ്രതീക്ഷയില്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അടക്കം ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നു. ഇതേത്തുടര്‍ന്ന് ടിക്കറ്റ് ബുക്കിംഗ് പാടില്ലെന്ന് ഡി.ജി.സി.എ. വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, ചില കമ്പനികള്‍ ഇത് അംഗീകരിക്കാന്‍ ആദ്യം തയ്യാറായില്ല. ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണ വിധേയമായെന്ന് വ്യക്തത വരുത്തിയശേഷമേ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കു എന്ന് വ്യോമയാന മന്ത്രി പറഞ്ഞത്.

ചില വിമാനക്കമ്പനികള്‍ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗിലൂടെ യാത്രക്കാരുടെ പണം കൈവശപ്പെടുത്തുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം ഇടപ്പെട്ടിരിക്കുന്നത്.