ടിവി വില കുറഞ്ഞേക്കും – ടിവി പാനലിന്റെ ഇറക്കുമതിത്തീരുവ നീക്കി

Posted on: September 19, 2019

ന്യൂഡല്‍ഹി : ടിവിയുടെ വില 4 ശതമാനം വരെ കുറയാന്‍ വഴിയൊരുക്കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. എല്‍സിഡി, എല്‍ഇഡി ടിവികളുടെ നിര്‍മാണത്തിനുള്ള ഓപ്പണ്‍ സെല്‍ ടിവി പാനലിന്റെ ഇറക്കുമതിക്കുള്ള നികുതി എടുത്തുകളഞ്ഞു. ടിവി നിര്‍മാണച്ചെലവിന്റെ 60-70 ശതമാനം ഈ പാനലിന്റെ വിലയായതിനാല്‍, 5 ശതമാനം നികുതി പൂര്‍ണ്ണമായും നീക്കിയതോടെ വില കുറയുമെന്നു മാത്രമല്ല, ടി വി നിര്‍മാണം ഇന്ത്യയിലാക്കാന്‍ കമ്പനികള്‍ക്കു പ്രോത്സാഹനമാകുകയും ചെയ്യും.

3.4 ശതമാനം വിലക്കുറവ് ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുമെന്ന് പഠനസോണിക് അറിയിച്ചു.
15.6 ഇഞ്ച് മുതല്‍ മുകളിലേക്കു വലുപ്പമുള്ള പാനലുകളുടെ നികുതിയാണു നീക്കീയത്. ടിവി നിര്‍മാണത്തിനുള്ള ചിപ് ഓണ്‍ ഫിലിം പ്രിന്റഡ് സര്‍ക്കീട്ട് ബോര്‍ഡ് അസംബ്ലി, സെല്‍ (ഗ്ലാസ് ബോര്‍ഡ്) എന്നിവയ്ക്കും ഇറക്കുമതിത്തീരുവ നീക്കി.

ഓപ്പണ്‍ സെല്‍ പാനലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നില്ല. ഇതിന് 5 ശതമാനം ഇറക്കുമതിത്തീരുവ 2017 ജൂണില്‍ ഏര്‍പ്പെടുത്തിയതാണ്. സാംസംഗ് ടിവി നിര്‍മാണം ഇവിടെ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റാന്‍ കാരണമായത്. ഇന്ത്യയുമായി വിയറ്റ്‌നാമിന് സ്വതന്ത്ര വ്യാപാരാരക്കരാറുണ്ട്. ടിവി വില്‍പനയില്‍ വളര്‍ച്ച കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ആശ്വാസകരമെന്നു വ്യവസായികള്‍ വിലയിരുത്തി. 22000 കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളതാണ് രാജ്യത്തെ ടിവി വിപണി.

TAGS: LED TV |