പെട്രോളിയം ഡീലര്‍ഷിപ്പില്‍ സംവരണം ഒഴിവാക്കിയതിനെതിരേ ഹര്‍ജി

Posted on: February 5, 2019

ന്യൂഡല്‍ഹി : പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിയം ഡീലര്‍ഷിപ്പ് നല്‍കുന്നതില്‍ വനിതകള്‍ക്കും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുമുള്ള സംവരണം ഒഴിവാക്കിയതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. കേരള പട്ടികജാതി – വര്‍ഗ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

എണ്ണക്കമ്പനികള്‍ പുതുതായി പെട്രോള്‍ പമ്പിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ വനിതകള്‍ക്കുള്ള 33 ശതമാനം സംവരണം ഒഴിവാക്കിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍തന്നെ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് ഏഴും ഒ ബി സി ക്കാര്‍ക്ക് ഒമ്പതും പൊതുവിഭാഗത്തില്‍ 17 ഉം ശതമാന സംവരണമുണ്ടായിരുന്നു. ഫലത്തില്‍ ഇതെല്ലാം ഒഴിവായി.

1992 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സംവരണ ആനുകൂല്യങ്ങളാണ് 2014 മുതല്‍ നിര്‍ത്തലാക്കിയതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി കെ മോഹിനി പറഞ്ഞു. സംവരണം അട്ടിമറിക്കുന്ന എണ്ണക്കമ്പനികളുടെ വിജ്ഞാപനം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.