ഇസാഫ് ജീവനക്കാരുടെ ‘കേക്ക് ഓഫ് കംപാഷന്‍’ സമാപിച്ചു

Posted on: January 31, 2024

തൃശ്ശൂര്‍ : ക്രിസ്മസ്, പുതുവത്സര സീസണില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ ആഘോഷത്തിന് ഇരട്ടി മധുരം പകരാന്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കിയ ‘കേക്ക് ഓഫ് കംപാഷന്‍’ പദ്ധതി സമാപിച്ചു. ചേറൂര്‍ സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കേക്ക് വിതരണത്തോടെയാണ് രാജ്യത്തുടനീളം സംഘടിപ്പിച്ചു വന്ന ഈ പദ്ധതിക്ക് സമാപനം കുറിച്ചത്. ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു.

രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഭിന്നശേഷിക്കാരും, പിന്തുണ ആവശ്യമുള്ളവരുമായ കുട്ടികള്‍ക്ക് ഇസാഫ് ജീവനക്കാരുടെ സ്‌നോഹോപഹാരമായാണ് കേക്ക് ഓഫ് കംപാഷന്‍ വിതരണം നടന്നത്. ഇസാഫിന്റെ എല്ലാ ശാഖകളിലേയും ജീവനക്കാര്‍ ഈ ഉദ്യമത്തില്‍ സജീവ പങ്കാളികളായി. 1,500ലധികം ജീവനക്കാരുടെ പങ്കാളിത്തത്തോടെ 5000ലധികം കുട്ടികള്‍ക്ക് കേക്കുകള്‍ വിതരണം ചെയ്തു. പദ്ധതിക്കായി 3.5 ലക്ഷം രൂപയാണ് ജീവനക്കാര്‍ സ്വരൂപിച്ച് നല്‍കിയത്.

‘ഇസാഫ് എല്ലായ്പ്പോഴും നിരാലംബരായവര്‍ക്കൊപ്പം നിലകൊള്ളുന്നു, അവരോടൊപ്പം നില്‍ക്കുക എന്നത് ബ്രാന്‍ഡിന്റെ നിലപാടുകളിലൊന്നാണ്. ഈ പദ്ധതിയിലൂടെ ഇസാഫ് തങ്ങള്‍ പിന്തുടരുന്ന മൂല്യങ്ങളെ മുറുകെ പിടിക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു,’ ചടങ്ങില്‍ സംസാരിച്ച ജോര്‍ജ് തോമസ് പറഞ്ഞു.

സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ലെറ്റിസിയ സ്വാഗതം പറഞ്ഞു. ഇസാഫ് ബ്രാന്‍ഡിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് സോണി വി മാത്യു, ഇസാഫ് ഫൗണ്ടേഷന്‍ പ്രോഗ്രാമുകളുടെ മാനേജര്‍ ജോര്‍ജ് എംപി, സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഹരിദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്രാന്‍ഡിംഗ് & കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ മാനേജര്‍ അശ്വിന്‍ ആന്റണി, മാനേജര്‍ ജെയിംസ് തങ്കച്ചന്‍, ഇസാഫ് സസ്‌റ്റൈനബിള്‍ ബാങ്കിംഗ് ഡെപ്യൂട്ടി മാനേജര്‍ സൈജു പി എസ് എന്നിവരും പങ്കെടുത്തു.