വനിതാ പൊലീസുകാര്‍ക്കും ഗോത്ര വനിതകള്‍ക്കും ഇസാഫ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു

Posted on: March 10, 2022

തൃശൂര്‍ : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഗോത്ര വനിതകള്‍ക്കുമായ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി അസ്ഥി ബലക്ഷയം, സ്ഥാനാര്‍ബുദ നിര്‍ണ്ണയം, രക്ത സമ്മര്‍ദ്ദം എന്നി പരിശോധനകളും നടത്തി.

ക്യാമ്പില്‍ 60 ല്‍ അധികം പൊലീസുദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ആദിത്യ ആര്‍ ഐപിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് വി. കെ. രാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജി പി. ബി., അപര്‍ണ്ണ ലവകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആതിരപ്പള്ളി മേഖലയില്‍ നിന്നുള്ള ഗോത്ര വനിതകള്‍ക്കായി ഔഷധ സസ്യ കൃഷിയുടെ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ ശില്പ്പശാലയും സംഘടിപ്പിച്ചു. ആതിരപ്പള്ളിയില്‍ നിന്ന് ഇവരെ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാലയിലെത്തിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസില്‍ ഒരുക്കിയ യാത്ര ചാലക്കുടി ഡിപ്പോയില്‍ നിന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എസ്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസിന്റെ സാന്നിധ്യത്തില്‍ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഇസാഫ് ഹെഡ് ഓഫീസില്‍ ഇവര്‍ക്കായി വൈദ്യ പരിശോധനയും സംഘടിപ്പിച്ചു.

ഇസാഫിലെ വനിതകള്‍ക്കായി സംഘടിപ്പിച്ച വെബിനാറിന് പ്രമുഖ മനഃശാസ്ത്ര വിദഗ്ദ്ധയും നാഗ്പ്പൂര്‍ ഹിസ് ലോപ് കോളെജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ദീപ്തി ക്രിസ്റ്റ്യന്‍ നേതൃത്വം നല്കി. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. വനിതാദിന പാനല്‍ ചര്‍ച്ചയില്‍ ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോള്‍, ഇസാഫ് കോ ഓപറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ സെലീന ജോര്‍ജ്ജ്, ഇസാഫ് ബാങ്ക് അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് മാല നായര്‍ എന്നിവര്‍ പങ്കെടുത്തു.