ഇസാഫ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 10 വയസ്സ്

Posted on: November 23, 2021

തൃശ്ശൂര്‍: ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താം വാര്‍ഷികവും 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനവും കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സെലീന ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇസാഫ് ബാങ്കിന്റെ എംഡി യും സിഇഒ യുമായ കെ പോള്‍ തോമസ് മുഖ്യ സന്ദേശം നല്കി. പ്രളയാനന്തര സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 100 സ്‌നേഹ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി പുതിയ 6 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ ദാനവും ബയോ സെഡാര്‍ അഗ്രി ഇന്‍പുട്ട് മാര്‍ക്കറ്റിംഗ് ഉത്പന്നങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

വെയര്‍ ഹൗസ് പ്രൊജക്റ്റ്, സെഡാര്‍ ഫുഡ് ബ്രാന്‍ഡ് ‘ക്രോസ്സോ’ എന്നിവയുടെ ഉദ്ഘാടനം എംഎല്‍എ പി. ബാലചന്ദ്രനും ഡാര്‍വിന്‍ബോക്‌സ് എച്ച് ആര്‍ സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബീന മുരളിയും നിര്‍വഹിച്ചു. ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രൂപീകരണത്തില്‍ സഹായിച്ച ടീംഅംഗങ്ങളെ ഇസാഫ് സഹസ്ഥാപക മെറീന പോള്‍ ആദരിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം. കെ. കണ്ണന്‍, ഇസാഫ് അഗ്രോ കോ-ഓപ്പറേറ്റീവ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ നമ്പൂതിരി, കംപ്ലൈന്‍സ് ഓഫീസര്‍ വി. കെ. ജയരാജ് എന്നിവരും പ്രസംഗിച്ചു.

68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സഹകരണ സ്ഥാപനങ്ങളിലൂടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ഡിജിറ്റലൈസേഷന്‍, സോഷ്യല്‍ മീഡിയ എന്ന വിഷയത്തില്‍ റിട്ട. അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ടി. നന്ദകുമാര്‍ ഐഎഎസ് സെമിനാര്‍ നയിച്ചു.

തലപ്പിള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ജോസഫ് ചാലിശ്ശേരി, തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് ടി. കെ. പൊറിഞ്ചു, എറണാകുളം റീജിയന്‍ മില്‍മ ഡയറക്ടര്‍ ഭാസ്‌കരന്‍ ആദംകാവില്‍, തൃശ്ശൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോയ് ഫ്രാന്‍സിസ്, ഇസാഫ് അഗ്രോ കോ ഓപ്പറേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. എല്‍. പോള്‍, അഗ്രി ഇന്‍പുട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ പ്രോജക്ട്‌സ് ഹെഡ് ജോജി കോശി വര്‍ഗീസ് എന്നിവരും പ്രസംഗിച്ചു.