കേരളത്തിൽ 19 മുതൽ ഷീ ടാക്‌സി

Posted on: November 9, 2013

She-Taxiകേരളാ സർക്കാരിന്റെ മേൽനോട്ടത്തിൽ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പു നൽകുന്ന ഷീ ടാക്‌സി 19-ന് നിരത്തിലിറങ്ങും. വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകൾ ഓടിക്കുന്നതുമായ ഈ ടാക്‌സി കാറുകൾ വനിതകൾക്കു യാത്രചെയ്യാനുള്ളതായിരിക്കും. എല്ലാ ദിവസവും 24 മണിക്കൂറും ഇവയുടെ സേവനം ലഭ്യമായിരിക്കും.

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെൻഡർ പാർക്കിന്റെ സംരംഭമാണ് ‘ഷീ ടാക്‌സി’. 19-ന് അഞ്ചു കാറുകളുമായി തിരുവനന്തപുരത്താണ് ‘ഷീ ടാക്‌സി’ തുടങ്ങുന്നത്. മൂന്നു മാസംകൊണ്ട് ഇതു നൂറിൽ എത്തിക്കാനാണു ശ്രമം. രണ്ടാംഘട്ടത്തിൽ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പദ്ധതി വ്യാപിപ്പിക്കും.

മാരുതി സുസുക്കിയാണ് പിങ്കും വെളുപ്പും നിറമുള്ള ഡീസൽ സ്വിഫ്റ്റ് കാറുകൾ നൽകി ജെൻഡർ പാർക്കുമായി ഈ പദ്ധതിയിൽ സഹകരിക്കുന്നത്. ജിപിഎസ്, കൃത്യതയാർന്ന മീറ്ററുകൾ, അത്യാവശ്യ സന്ദർഭങ്ങളിൽ ജാഗ്രതാ സന്ദേശത്തിനുള്ള സംവിധാനം, വിനോദോപാധികൾ തുടങ്ങിയവ ഷീ ടാക്‌സിയിലുണ്ടാവും.

വനിതാ വികസന കോർപറേഷൻ മുഖേന കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതും ജെൻഡർ പാർക്കാണ്. അതോടൊപ്പം വനിതാ ഡ്രൈവർമാർക്ക് ഡ്രെവിംഗ് പരിശീലനവും ആരോഗ്യ ഇൻഷ്വറൻസും സ്വയം സംരക്ഷണത്തിനുള്ള പരിശീലനവും നൽകും.

ടെക്‌നോ പാർക്ക് കേന്ദ്രീകരിച്ചുള്ള റെയിൻ കൺസേർട്ട് ടെക്‌നോളജീസ് ലിമിറ്റഡാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ വഴി ‘ഷീ ടാക്‌സി’ സേവനം നിയന്ത്രിക്കുക. മുഴുവൻ സമയവും കൺട്രോൾ റൂമിന് ടാക്‌സി കാറുകളുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ട്. പോലീസിന്റെ സഹായവും ഇവയ്ക്കുണ്ടാകും.

വനിതാ സംരംഭകർക്കു പ്രതിമാസം 20,000 രൂപ വരെയെങ്കിലും വരുമാനം ലഭ്യമാകും വിധത്തിലുള്ള വാണിജ്യ സംരംഭമായാണ് ഇതു വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ജെൻഡർ പാർക്ക് സിഇഒ പി.ടി.എം. സുനീഷ് പറഞ്ഞു. മാസം 22 ദിവസം എട്ടു മണിക്കൂർ വീതം പ്രവർത്തിച്ചാൽപോലും 20,000 രൂപ വരുമാനമുണ്ടാക്കാനാകും. കാറുകളുടെ വശങ്ങളിൽ പരസ്യം പതിച്ചും കാറിനുള്ളിലെ എൽസിഡി സംവിധാനത്തിലൂടെ പരസ്യം പ്രദർശിപ്പിച്ചും കൂടുതൽ വരുമാനം ഉണ്ടാക്കിക്കൊടുക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒറ്റയ്ക്കും കൂട്ടായും കുടുംബസമേതവും സഞ്ചരിക്കുന്ന വനിതാ യാത്രക്കാർക്കുവേണ്ടി മാത്രമായിരിക്കും ഷീ ടാക്‌സി’ നിരത്തിലിറങ്ങുക. ആളുകളുടെ മനോഭാവം മാറുകയും വനിതകൾ ഓടിക്കുന്ന ടാക്‌സികൾ അവയുടേതായ ഇടം സമൂഹത്തിൽ നേടുകയും ചെയ്തുകഴിഞ്ഞാൽ ഇത് എല്ലാവർക്കും ലഭ്യമാക്കാനാകുമെന്നാണ് ജെൻഡർ പാർക്ക് കരുതുന്നത്.

 

TAGS: She Taxi |