ഡോ. സീതാരാമന് എൻആർഐ ഓഫ് ദ ഇയർ പുരസ്‌കാരം

Posted on: April 19, 2015

Dr.-Seetharaman-NRI-Award-2

ദുബായ് : ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമന് ടൈംസ് നൗവും ഐസിഐസിഐ ബാങ്കും സംയുക്തമായി ഏർപ്പെടുത്തിയ എൻആർഐ ഓഫ് ദ ഇയർ -2014 പുരസ്‌കാരം. മുംബൈ താജ് ലാൻഡ്‌സ് എൻഡിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 16 പേരെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഭാവി ശോഭനമാണെന്ന് മറുപടി പ്രസംഗത്തിൽ ഡോ. സീതാരാമൻ പറഞ്ഞു. ഐഎംഎഫ് 2014-15 ൽ 7.2 ശതമാനവും 2015-16 ൽ 7.5 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.ഫിസിക്കൽ ഡെഫിസിറ്റ് 2015-16 ൽ ജിഡിപിയുടെ 3.9 ശതമാനവും 2016-17 ൽ ജിഡിപിയുടെ 3.6 ശതമാനവുമാണ് ലക്ഷ്യംവയ്ക്കുന്നത്. 2014-15 ൽ ലക്ഷ്യമിട്ട 4.1 ശതമാനം ആർജിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞത് ശരിയായ വളർച്ചാ സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇൻഫ്രസ്ട്രക്ചർ, റെയിൽവേ, ഇൻഷുറൻസ് മേഖലകളിൽ ഇന്ത്യ പിന്തുടരുന്ന നയങ്ങൾ പ്രോത്സാഹനജനകമാണ്. ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2013-14 ൽ 150 ബില്യൺ ഡോളറിൽ അധികമായിരുന്നു. ഈ രംഗത്ത് ഇനിയും ധാരാളം സാധ്യതകളുണ്ടെന്നും സീതാരാമൻ അഭിപ്രായപ്പെട്ടു.