ഓറ്റിക്കോണ്‍ 2024 : രാജ്യത്തെ ഏറ്റവും വലിയ ഒക്യുപേഷണല്‍ തെറാപ്പി സമ്മേളനം കൊച്ചിയില്‍

Posted on: January 20, 2024

കൊച്ചി : ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്റെ (ഐ.ഐ.ഒ.ടി.എ) അറുപത്തിയൊന്നാമത് ദേശീയസമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. കലൂരിലെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി കേരള ലോകായുക്ത ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജസ്റ്റിസുമായ സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു.

അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന മൗലികമായി നല്‍കുന്നതാണെന്നും, അതില്‍ ആരോഗ്യത്തിന് വലിയ പങ്കുണ്ടെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നേടിക്കൊടുക്കുന്നതില്‍ ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ കുട്ടികള്‍ക്ക് സൗജന്യ ഭിന്നശേഷിനിര്‍ണയവും രക്ഷിതാക്കള്‍ക്ക് പരിശീലനവും നല്‍കുന്ന ”ചിറക്” പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തൃക്കാക്കര എം.എല്‍.എ ഉമ തോമസ് നിര്‍വഹിച്ചു.

ഒക്യുപേഷണല്‍തെറാപ്പി രംഗത്ത് ആഗോളതലത്തില്‍ നടക്കുന്ന ഏറ്റവും വിപുലമായ സമ്മേളനങ്ങളില്‍ ഒന്നാണ് ഓറ്റിക്കോണ്‍ 2024. ”ഒക്യുപേഷണല്‍ തെറാപ്പിയിലൂടെ മായാജാലം സൃഷ്ടിക്കാം” എന്നതാണ് ഇത്തവണത്തെ പ്രമേയം. ഈ മേഖലയിലെ നൂതനമായ സാങ്കേതികവിദ്യകളും രീതികളും പ്രശ്നപരിഹാരമാര്‍ഗങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

ഗവേഷകരും ഒക്യുപേഷണല്‍തെറാപ്പി ചെയ്യുന്നവരും അവരുടെ അറിവും അനുഭവങ്ങളും നേരിട്ട് പങ്കുവെയ്ക്കും. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ട പതിനഞ്ചോളം വിശിഷ്ടവ്യക്തികള്‍ സംസാരിക്കും. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ഗവേഷണ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കും.

ശാരീരികമോ മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുള്ള വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ സഹായിക്കുന്ന വൈദ്യശാസ്ത്രശാഖയാണ് ഒക്യുപേഷണല്‍ തെറാപ്പി. അസുഖങ്ങള്‍ കാരണമോ പരിക്ക് കാരണമോ വൈകല്യങ്ങള്‍ കാരണമോ ശാരീരിക പരിമിതികള്‍ നേരിടുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ചികിത്സ. ഇതിന് പ്രായം ഒരു തടസമല്ല. സമ്മേളനത്തോട് അനുബന്ധിച്ച് പതിനഞ്ചോളം കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. കേരള ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷനാണ് സംഘാടന ചുമതല. കടുത്തുരുത്തി എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ്, AIOTA പ്രസിഡന്റ് ഡോ. അനില്‍ കുമാര്‍ ശ്രീവാസ്തവ, സമ്മേളനത്തിന്റെ സെക്രട്ടറി ഡോ. ജോസഫ് സണ്ണി, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഡോ. ലക്ഷ്മണന്‍ സേതുരാമന്‍, ACOT ഡീന്‍ ഡോ. ജ്യോതിക ബിജ്ലാനി എന്നിവര്‍ സന്നിഹിതരായിരുന്നു.

TAGS: OTICON 2024 |