ജിയോജിത് ടെക്‌നോളജീസിന് സിഎംഎംഐ ലെവൽ 5 അംഗീകാരം

Posted on: March 19, 2015

GEOJIT-BNP-big

കൊച്ചി : ജിയോജിത് ടെക്‌നോളജീസിന് കേപ്പ്ബിലിറ്റി മച്യുരിറ്റി മോഡൽ ഇന്റഗ്രേഷന്റെ (സിഎംഎംഐ) ലെവൽ 5 അംഗീകാരം. സിഎംഎംഐ ലെവൽ 5 സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ മൂന്നാമത്തെ സോഫ്റ്റ് വേർ കമ്പനിയാണ് ജിയോജിത് ടെക്‌നോളജീസ്. കമ്പനിയുടെ സോഫ്റ്റ് വേർ ഉത്പാദനത്തിന് ആഗോള അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ എ. ബാലകൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിൽ ആകെ 100 സോഫ്റ്റ് വേർ കമ്പനികൾക്കു മാത്രമാണ് സിഎംഎംഐ ലെവൽ 5 സർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുള്ളത്. ഉത്പാദനത്തിന് ആശ്രയിക്കുന്ന വിവിധ രീതികളുടെ ഉയർന്ന കാര്യപ്രാപ്തിയും കമ്പനിയുടെ പ്രവർത്തനക്ഷമതയും സൂചിപ്പിക്കുന്നതാണ് സിഎംഎംഐ റേറ്റിംഗ്. അമേരിക്കയിലെ കാർണെഗി മെലൺ യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് റേറ്റിംഗുകൾ നൽകുന്ന സിഎംഎംഐ ഇൻസ്റ്റിറ്റിയൂട്ട്.

ജിയോജിത് ബിഎൻപി പാരിബയുടെ അനുബന്ധ സ്ഥാപനമായ ജിയോജിത് ടെക്‌നോളജീസ് (ജിടിഎൽ) ബിഎൻപി പാരിബയുടെ ഗ്ലോബൽ സോഴ്‌സിംഗ് പാർട്ണറുമാണ്. ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂർ, ഒമാൻ, യുഎഇ, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലും ജിടിഎല്ലിന് ഇടപാടുകാരുണ്ട്.