ജിടിഎം-2023 ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്

Posted on: September 26, 2023

തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്‌സ്‌പോ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കോവളംറാവിസ് ലീലയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ചീഫ് സെക്രട്ടറിഡോ. വി. വേണു മുഖ്യപ്രഭാഷണം നടത്തും.

വൈകിട്ട് 6.30ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ജിടിഎമ്മിന്റെ സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. ‘പ്രകൃതിയും സംസ്‌കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക’ എന്ന പ്രമേയത്തിലാണ് വിവിധ സെമിനാര്‍ സെഷനുകള്‍ നടക്കുക.

സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം(എസ്‌കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്(ടിസിസിഐ), തവാസ്വെഞ്ചേഴ്‌സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് 30 വരെ നടക്കുന്ന വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്‌സിബിഷനായ ജിടിഎം2023 സംഘടിപ്പിക്കുന്നത്. 28ന് കാര്യവട്ടംഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന ജിടിഎം 2023ന്റെ ട്രാവല്‍ ട്രേഡ് എക്‌സിബിഷന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും പുതിയ ബിസിനസങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനുംജിടിഎം സാക്ഷ്യം വഹിക്കുമെന്ന് ജിടിഎംസിഇഒ സിജി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1,000ത്തിലധികം ട്രേഡ് വിസിറ്റേഴ്‌സും 600ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100ലധികം കോര്‍പ്പറേറ്റ് ബയേഴ്‌സും പങ്കെടുക്കും. ബയേഴ്‌സില്‍ ഭൂരിഭാഗവും ആദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം ആകര്‍ഷണങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനം ജിടിഎമ്മില്‍ ഉണ്ടായിരിക്കുമെന്നും ജിടിഎം ജനറല്‍ കണ്‍വീനര്‍ പ്രസാദ് മഞ്ഞളി പറഞ്ഞു. 30ന് എക്‌സ്‌പോയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇത് മികച്ച ടൂറിസം പാക്കേജുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.