സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ നവംബര്‍ 16 മുതല്‍ 18 വരെ

Posted on: September 23, 2023

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ നവംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കടലിനു സമീപമായി ചൊവ്വര സോമതീരം ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ വേദിയില്‍ സംരംഭകര്‍, വെഞ്ച്വര്‍ നിക്ഷേപകര്‍, പുതിയ സാങ്കേതികവിദ്യകള്‍ക്കായെത്തുന്ന നിക്ഷേപകര്‍, മാര്‍ഗനിര്‍ദേശകര്‍, സ്റ്റാര്‍ട്ടപ്പ് പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുക്കും. ആഗോളതല നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് അവരുടെ ആശയങ്ങള്‍അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.

തിരുവനന്തപുരം ഹഡില്‍ ഗ്ലോബലിന്റെ സംഘാടകര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരെയും സംരംഭകരെയും നിക്ഷേപകരെയും ഒരേ വേദിയിലെത്തിക്കാന്‍ ഹഡില്‍ ഗ്ലോബല്‍ ലക്ഷ്യമിടുന്നു. 15000ത്തിലധികം പേരാണ് ഹഡില്‍ഗ്ലോബലിന്റെ ഭാഗമാകുക. ലോകമെമ്പാടുമുള്ള 150ഓളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 300ലധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും.

പുതിയ ആശയങ്ങളും ഉത്പന്നങ്ങളുമുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമൊരുക്കുന്ന ഹഡില്‍ ഗ്ലോബലില്‍ എഡ്യൂടെക്, ഓഗ്മെന്റഡ് റിയാലിറ്റി വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്‌പേക്, ഹെല്‍ത്ത്‌ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി,ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിങ് മേഖലകളിലെസംരംഭങ്ങള്‍ക്ക് പങ്കെടുക്കാം. 2018 മുതല്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍5000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്. മാര്‍ക്കറ്റിംഗ് മാഡ്‌നെസ്, സൂപ്പര്‍ കോഡേഴ്‌സ്, ഫൗണ്ടേഴ്‌സ് മീറ്റ്, പാര്‍ട്ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാന്‍ഡിങ്ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്,  ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ഡൗണ്‍ ഹഡില്‍ എന്നിങ്ങനെയുള്ളസെഷനുകള്‍ ഇത്തവണത്തെ സ്റ്റാര്‍ട്ടപ്പ്‌സംഗമത്തിലുണ്ടാവും.