വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് ‘ബ്രാഹ്‌മിന്‍സ്’ ബ്രാന്‍ഡിനെ ഏറ്റെടുക്കുന്നു; ഫുഡ്സ് രംഗത്തെ പ്രബല സാന്നിധ്യമാകും

Posted on: April 21, 2023

കൊച്ചി : വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് കേരളത്തിലെ പ്രമുഖ പരമ്പരാഗത വെജിറ്റേറിയന്‍, സുഗന്ധവ്യഞ്ജന മിശ്രിത, റെഡി ടു കുക്ക് ബ്രാന്‍ഡായ ‘ബ്രാഹ്‌മിന്‍സി’ നെ ഏറ്റെടുക്കുന്നു. കമ്പനികളുടെ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചു. അടുത്തിടെ ‘നിറപറ’ ബ്രാന്‍ഡിനെ ഏറ്റെടുത്ത വിപ്രോ കമ്പനി ബ്രാഹ്‌മിന്‍സ് കൂടി ഏറ്റെടുക്കുന്നതോടെ പാക്കേജ്ഡ് ഫുഡ്സ് രംഗത്തെ അനിഷേധ്യ സാന്നിധ്യമായി മാറും.

തനത് നാടന്‍ രുചിക്കൂട്ടുകളില്‍ ഒരുക്കുന്ന കറി മസാലമിശ്രിതങ്ങളും പരമ്പരാഗത പ്രാതല്‍ ഉല്പന്നങ്ങളും അച്ചാറുകളുമെല്ലാം കേരളത്തിന്റെ പ്രിയങ്കര ബ്രാന്‍ഡായി ബ്രാഹ്‌മിന്‍സിനെ മാറ്റി. സാമ്പാര്‍ പൊടിയും, അരിപ്പൊടിയും ഏറെ പ്രശസ്തവും വിപണിയിലെ മുന്‍നിര ഉല്‍പ്പന്നങ്ങളുമാണ്. 1987ല്‍ സ്ഥാപിതമായ ബ്രാഹ്‌മിന്‍സ് വിശ്വാസ്യത മുഖമുദ്രയാക്കിയ സ്ഥാപനമാണ്.

ഭക്ഷ്യ വ്യവസായത്തില്‍ വിപുലമായ വികസനത്തിന് ലക്ഷ്യമിടുന്ന വേളയില്‍ ഏറെ ആവേശം പകരുന്നതാണ് ബ്രാഹ്‌മിന്‍സ് ഏറ്റെടുക്കല്‍ എന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഫുഡ്സ് ബിസിനസ് പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു. സുഗന്ധ വ്യഞ്ജന, റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഭക്ഷ്യ വ്യവസായത്തില്‍ വന്‍ വളര്‍ച്ചാ സാധ്യതയാണുള്ളത്. ബ്രാഹ്‌മിന്‍സ് വിപ്രോയുടെ ഭാഗമാകുന്നതോടെ സുഗന്ധ വ്യഞ്ജന മിശ്രിതങ്ങളുടെയും പുട്ട് – അപ്പം പൊടിയും മറ്റ് അരിയുല്‍പ്പന്നങ്ങളും ഉള്‍പ്പെട്ട പരമ്പരാഗത പ്രാതല്‍ ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ മികച്ച നില കൈവരിക്കാന്‍ കമ്പനിക്ക് കഴിയും. കേരളത്തിലെയും ഗള്‍ഫ്, യു കെ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേയുമൊക്കെ വിപണികളില്‍ ഇത് വിപ്രോയ്ക്ക് വലിയ മേല്‍ക്കൈ നല്‍കുമെന്നും അനില്‍ ചുഗ് പറഞ്ഞു.

വിപ്രോ കണ്‍സ്യൂമര്‍ കെയറിന്റെ ഭക്ഷ്യ ബിസിനസില്‍ പങ്കാളിത്തം ലഭിക്കുന്നതില്‍ അത്യാഹ്‌ളാദം ഉണ്ടെന്ന് ബ്രാഹ്‌മിന്‍സ് എം ഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു. ബ്രാന്‍ഡ് ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ഉതകുന്ന വിഭവ സമാഹരണത്തിനു ഇത് വഴിയൊരുക്കും. ബ്രാന്‍ഡിന്റെ സര്‍വ്വതല വികസനത്തില്‍ കൂട്ടായി ശ്രദ്ധ കേന്ദ്രീകരിക്കും. വിപ്രോയുടെ വിതരണ ശൃംഖലയുടെ കരുത്തും വിപണി വൈദഗ്ധ്യവും ബ്രാഹ്‌മിന്‍സിനെ വളര്‍ച്ചയുടെ പുതു തലങ്ങളിലേക്ക് എത്തിക്കുമെന്നും ശ്രീനാഥ് വിഷ്ണു പറഞ്ഞു.

കമ്പനിയുടെ വിപണിനയങ്ങള്‍ക്ക് തികച്ചും യോജിച്ചതാണ് ബ്രാഹ്‌മിന്‍സ് ഏറ്റെടുക്കലെന്നും ഇത് കേരളത്തിലെ ഭക്ഷ്യ ബിസിനസ് രംഗത്ത് കൂടുതല്‍ കരുത്ത് പകരുമെന്നും ഇന്ത്യ, ദക്ഷിണേഷ്യ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് സി എഫ് ഒ സച്ചിന്‍ ബന്‍സാല്‍ ചൂണ്ടിക്കാട്ടി. സമര്‍ത്ഥവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് കരുത്തുറ്റ സംവിധാനങ്ങള്‍ ബ്രാഹ്‌മിന്‍സിനുണ്ട്. ഇത് വിപ്രോയ്ക്ക് വിപണിയില്‍ വലിയ മുതല്‍ക്കൂട്ടാകും. വിപ്രോ ഏറ്റെടുക്കുന്ന പതിനാലാമത്തെ ബ്രാന്‍ഡാണ് ബ്രാഹ്‌മിന്‍സ്. മ്യൂച്ച്വല്‍ ബെനഫിഷ്യല്‍ പാര്‍ട്ട്ണര്‍ഷിപ് നിലയ്ക്ക് ബ്രാഹ്‌മിന്‍സിന്റെ വികസനത്തിനും ഭക്ഷ്യ ബിസിനസില്‍ വിപ്രോയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും സംയുക്തസംരംഭം അവസരമൊരുക്കുമെന്നും സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.