ചരിത്ര നേട്ടവുമായി സിഡ്‌കോ ; 15 വര്‍ഷത്തിലാദ്യമായി 48 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തി

Posted on: April 3, 2023

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്‌കോ ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്ര നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ 15 വര്‍ഷത്തെ കാലയളവില്‍ ആദ്യമായി 48 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം എന്ന മികച്ച നേട്ടമാണ് കൈവരിച്ചത്. ഒപ്പം, 2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെയുള്ള ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാന്‍ സിഡ്കോയ്ക്ക് സാധിച്ചിരിക്കുകയായാണ്.

വരുന്ന 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 253 കോടി രൂപയുടെ വിറ്റുവരവും 4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് സിഡ്‌കോയുടെ ചുമതല വഹിക്കുന്ന കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ശ്രീ സന്തോഷ് കോശി തോമസ് അറിയിച്ചു. മുടങ്ങിക്കിടന്നിരുന്ന നാലു സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കുവാനും അതിനുശേഷമുള്ള ഒരു വര്‍ഷത്തെ അക്കൗണ്ടിംഗ് പൂര്‍ത്തീയാക്കി ബോര്‍ഡിന്റെ അംഗീകാരം നേടുവാനും കഴിഞ്ഞ 20 മാസക്കാലയളവിനുള്ളില്‍ സിഡ്കോയ്ക്ക് സാധിച്ചിട്ടുണ്ടെന്ന്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര്‍ത്തിയാകുന്ന സാമ്പത്തിക വര്‍ഷത്തില്‍ സിഡ്കോ ഉറപ്പാക്കിയ നേട്ടങ്ങള്‍ ഏറെയാണ്. വിവിധ ഡിവിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ കരട് പ്രൊപ്പോസല്‍ തയ്യാറാക്കി. ഇതോടൊപ്പം, 5.3 കോടി രൂപയോളം ഗ്രാറ്റുവിറ്റി കുടിശ്ശിക തീര്‍ക്കുകയും മെയ് 2022 മുതല്‍ പി.എഫ് മുടക്കം കൂടാതെ അടയ്ക്കുകയും ചെയ്യുന്നുണ്ട്. വിരമിച്ച ജീവനക്കാരുടെ കുടിശ്ശിക മുന്‍ഗണനാക്രമത്തില്‍ തീര്‍ത്തുവരുന്ന സിഡ്‌കോ 2023-24 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കുടിശ്ശികയും കൊടുത്ത് തീര്‍ക്കുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ്, പ്രിന്‍സിപ്പാള്‍ സെക്രട്ടറി ശ്രീ. എ പി എം മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന നിരന്തരമായുള്ള അവലോക പ്രവര്‍ത്തനങ്ങള്‍ സിഡ്‌കോയുടെ വളര്‍ച്ചയില്‍ ഏറെ ഗുണപരമായ മാറ്റങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്. സംസ്ഥാനത്തിന്റെ വ്യവസായ രംഗത്ത് മുതല്‍ക്കൂട്ടാകാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളിലും, സശ്രദ്ധമുള്ള മാര്‍ഗനിര്‍ദേശങ്ങളും വ്യവസായ മന്ത്രിയുടേയും, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഭാഗത്തു നിന്ന് ലഭ്യമാകുന്നതിലൂടെ ചരിത്രനേട്ടത്തിലേയ്ക്ക് കുതിക്കാന്‍ സിഡ്കോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ഇവ കൂടുതല്‍ സഹായകമാകും എന്ന് സിഡ്‌കോ മാനേജിങ് ഡയറക്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

1975 നവംബറില്‍ സ്ഥാപിതമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കോര്‍പ്പറേഷനായ കേരള സിഡ്കോ സംസ്ഥാനത്തെ വ്യാവസായിക മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ ബൃഹത്താണ്. റോ മെറ്റീരിയല്‍ ഡിവിഷന്റെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാതല ഓഫീസുകളുള്ള സിഡ്‌കോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവിധ സാമഗ്രികള്‍ വിതരണം ചെയ്തു വരുന്നു. ഇരുമ്പ്, ഉരുക്ക് വസ്തുക്കള്‍, സിമന്റ്, ബിറ്റുമിന്‍, റൂഫിംഗ് ഷീറ്റുകള്‍, പെയിന്റുകള്‍, ലൂബ്രിക്കന്റുകള്‍, മറ്റ് അസംസ്‌കൃത വസ്തുക്കള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുന്നു. സി പി സി എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച് പി സി എല്‍, എം ആര്‍ പി എല്‍, ബി പി സി എല്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളികളാകുന്നുമുണ്ട് സിഡ്‌കോ.

സിഡ്‌കോയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ സഹായത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വിപണന പിന്തുണ നല്‍കാനും കഴിയുന്നുണ്ട്. സംസ്ഥാനത്തുടനീളം 17 സബ് ഓഫീസുകള്‍ മാര്‍ക്കറ്റിംഗ് ഡിവിഷനു കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഒപ്പം, പരോക്ഷ വിപണന സഹായത്തിനായി 250 സൂക്ഷ്മ ചെറുകിട യൂണിറ്റുകള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കൂടാതെ, 400 ഓളം യൂണിറ്റുകള്‍ നേരിട്ട് മാര്‍ക്കറ്റിംഗ് സഹായത്തിനായി സിഡ്‌കോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന ഒമ്പത് ഉല്‍പ്പാദന യൂണിറ്റുകള്‍ മുഖേന സിഡ്കോ നേരിട്ട് മരം, ഉരുക്ക് എന്നിവയിലധിഷ്ഠിതമായ കൃത്യതയുള്ള ജോലികള്‍, ഫാബ്രിക്കേഷന്‍ ജോലികള്‍ എന്നിവ ഉറപ്പു വരുത്തുന്നു. വി എസ് എസ് സി, ഐ എസ് ആര്‍ ഒ, ബ്രഹ്‌മോസ്, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയാണ് സിഡ്‌കോയുടെ ഉത്പാദന യൂണിറ്റുകളുടെ പ്രധാന ഉപഭോക്താക്കള്‍.

മറ്റൊരു പ്രധാന ഡിവിഷനായ നിര്‍മ്മാണ വിഭാഗം, സംസ്ഥാനത്തുടനീളം എഞ്ചിനീയര്‍മാരുടെ ഒരു ശൃംഖലയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ഡിവിഷന്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡിവിഷന്‍, തുടങ്ങിയ വിഭാഗങ്ങളും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

 

TAGS: Kerala SIDCO |