കാമ്പിയൻ സ്‌കൂൾ രജതജൂബിലി നിറവിൽ

Posted on: January 11, 2015

Campion-School-Jubiliy-big

കൊച്ചി ഇടപ്പള്ളിയിലെ കാമ്പിയൻ സ്‌കൂൾ രജതജൂബിലിയുടെ നിറവിൽ. രജതജൂബിലി ആഘോഷങ്ങൾ എക്‌സൈസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ നന്മയും മൂല്യവുമുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ കാമ്പിയൻ സ്‌കൂളിന്റെ സംഭാവനകൾ അതുല്യമാണെന്ന് മന്ത്രി പറഞ്ഞു.

ജീവിതത്തിൽ നന്മയും മൂല്യവുമില്ലാതെ വ്യക്തികൾക്കു വിജയിക്കാൻ കഴിയില്ല. കേവലം ഗ്രേഡുകൾ വാങ്ങുന്നതിനപ്പുറം നന്മയും മൂല്യവും പകർന്നു നൽകാൻ പല വിദ്യാലയങ്ങളും ശ്രദ്ധിക്കാറില്ല. എന്നാൽ മികച്ച വ്യക്തികളെ സൃഷ്ടിക്കാനുള്ള പരിശീലനമാണ് കാമ്പിയൻ സ്‌കൂൾ നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പ്രഫ. കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ഹൈബി ഈഡൻ, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബഹനാൻ, ഫിഷറീസ് സർവകലാശാല വൈസ് ചാൻസ്‌ലർ ഡോ. ബി. മധുസൂദനക്കുറുപ്പ്, കോർപറേഷൻ കൗൺസിലർ പയസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ ഡയറക്ടർ കെ.വി. തോമസ്, പ്രിൻസിപ്പൽ ഡോ. ലീലാമ്മ തോമസ് എന്നിവരെ പ്രഫ. കെ. വി. തോമസ് എംപി പൊന്നാടയണിച്ച് ആദരിച്ചു.

തുടർന്ന് കാമ്പിയൻ സ്‌കൂളിലെ 1,100 കുട്ടികൾ ചേർന്ന് പ്രഗതി പ്രയാണം എന്ന നൃത്ത-സംഗീത-നാടകം അവതരിപ്പിച്ചു. കേരളത്തിന്റെ ഐതിഹ്യവും ചരിത്രവും സംസ്‌കാരവും കൈകോർക്കുന്ന പ്രഗതി പ്രയാണത്തിന്റെ ആശയം ഡോ. ലീലാമ്മ തോമസിന്റേതാണ്. സ്‌കൂളിലെ അധ്യാപികമാരായ റാണി ലക്ഷ്മി, അനുചാക്കോ എന്നിവർ ചേർന്നാണ് തിരക്കഥയുടെ രൂപരേഖ തയാറാക്കിയത്. ഡൊക്യുമെന്ററി സംവിധായകൻ രേഖ വെള്ളത്തൂവൽ ആണ് സാക്ഷാത്കാരം നിർവഹിച്ചത്.