സാധാരണ ട്രെയിന്‍ സര്‍വീസ് ജൂലൈ ഒന്നിന് ശേഷം

Posted on: May 14, 2020

ന്യൂഡല്‍ഹി : കോവിഡ് -19 വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ സാധാരണ തീവണ്ടി ഗതാഗതം ഉടനെയൊന്നും തുടങ്ങില്ല. ജൂണ്‍ 30 വരെയുള്ള യാത്രയ്ക്ക് നേരത്തേ ബുക്കുചെയ്തവര്‍ക്ക് തുക മുഴുവനായി മടക്കി നല്‍കാനും റെയില്‍വേ ബോര്‍ഡ് ബുധനാഴ്ച നിര്‍ദേശം നല്‍കി.

അതേസമയം, പ്രത്യേക രാജധാനി എക്‌സ്പ്രസുകളും ശ്രമിക് വണ്ടികളും തുടരും. മറ്റെല്ലാ സര്‍വീസുകളും ഇനി ഒരറിയിപ്പുവരെ വേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചു. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളൊന്നും ഓടില്ല. നിലവില്‍ നാലുമാസം മുമ്പ് ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്നതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ വേനലവധിയും മറ്റും കണക്കാക്കി നേരത്തേ മെയില്‍, എക്‌സ്പ്രസ് വണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

രാജധാനി സ്‌പെഷ്യല്‍ വണ്ടികള്‍ക്ക് ഒരാഴ്ച മുന്‍കൂട്ടിയുള്ള ടിക്കറ്റാണ് നല്‍കുന്നത്. തത്കാലം ഇത് തുടരുമെങ്കിലും എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം.