കോവിഡ് പരിശോധനയ്ക്ക് പരമാവധി നിരക്ക് 4500 രൂപ

Posted on: March 23, 2020

ന്യൂഡല്‍ഹി : രാജ്യത്തെ സ്വകാര്യ ലാബുകള്‍ക്കു കോവിഡ് പരിശോധനയ്ക്ക് ഈടാക്കാവുന്ന പരമാവധി തുക 4500 രൂപയായി നിശ്ചയിച്ചു. ദേശീയ അക്രഡിറ്റേഷന്‍ ഏജന്‍സിയുടെ അംഗീകാരമുള്ള ലാബുകളില്‍ കൊറോണ വൈറസ് പരിശോധനാ സംവിധാനമുള്ളവയ്ക്കാണ് അനുമതി.

സ്‌ക്രീനിംഗ് ടെസ്റ്റിന് 1500 രൂപയും വൈറസ് നിര്‍ണയ പരിശോധനയ്ക്ക് 3000 രൂപയുമടക്കമാണിത്. അതെസമയം രാജ്യം അടിയന്തര സാഹചര്യം നേരിടുന്നതിനാല്‍ സൗജന്യ പരിശോധനയും ഇളവോടു കൂടിയ പരിശോധനയും പ്രോത്സാഹിപ്പിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പറഞ്ഞു.

ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ പരിശോധന പാടുള്ളൂ. സ്രവസാംപിള്‍ രോഗികളില്‍ നിന്നു ശേഖരിക്കുമ്പോള്‍ വൈറസ് വ്യാപനം ഒഴിവാക്കാനുള്ള സുരക്ഷാ നടപടികള്‍ പാലിക്കണം. രോഗം സംശയിക്കുന്നവരുടെ യാത്ര ഒഴിവാക്കുന്നതിനു വീട്ടിലെത്തി സാംപിള്‍ ശേഖരിക്കുന്നതാണ് ഉചിതം. പരിശോധനാ വിവരങ്ങള്‍ അപ്പപ്പോള്‍ ഐസിഎംആര്‍ ഡേറ്റാബേസിലേക്കു നല്‍കണം. കോവിഡ് പരിശോധനാ ലാബുകള്‍ക്കു പ്രത്യേക രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കും.