യോഗ ഇൻസ്റ്റിറ്റ്യൂട്ടിന് പ്രൈംമിനിസ്റ്റേഴ്സ് അവാർഡ്

Posted on: August 31, 2019

കൊച്ചി : മുംബൈയിലെ യോഗ ഇൻസ്റ്റിറ്റ്യൂട്ടിന് 2018-19-ലെ പ്രൈംമിനിസ്റ്റേഴ്സ് അവാർഡ്. യോഗയുടെ പ്രചാരണത്തിനും വികസനത്തിനും ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഹൻസാജി ജയദേവ യോഗേന്ദ്ര പ്രധാനമന്ത്രിയിൽനിന്നു അവാർഡ് ഏറ്റുവാങ്ങി.

ആധുനിക യോഗയുടെ പിതാവെന്നു വിളിക്കപ്പെടുന്ന യോഗേന്ദ്രജി 1918 ൽ സ്ഥാപിച്ചതാണ് മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട്. 2018 ഡിസംബർ 25 ന് ഇൻസ്റ്റിറ്റ്യൂട്ട് ശതവാർഷികം ആഘോഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെയ്യുന്ന യോഗ ഇൻസ്റ്റിറ്റ്യൂട്ട് കൂടിയാണിത്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ആദ്യത്തെ ഇൻസ്റ്റിറ്റ്യൂട്ടുമാണിത്. ഓരോ ദിവസവും ആയിരത്തഞ്ഞൂറിലധികം ആളുകൾ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നുണ്ട്. ഇതുവരെ അമ്പതിനായിരത്തിലധികം യോഗ അധ്യാപകരെ ഇൻസ്റ്റിറ്റ്യൂട്ട് പരിശീലിപ്പിച്ചിട്ടുണ്ട്.

TAGS: Yoga Institute |