മഹീന്ദ്ര ഫിനാൻസും മാൻയുലൈഫും അസറ്റ് മാനേജ്‌മെന്റ് രംഗത്ത് സംയുക്ത സംരംഭത്തിന്

Posted on: June 23, 2019

കൊച്ചി : മഹീന്ദ്ര അസറ്റ് മാനേജുമെന്റ് കമ്പനി സാമ്പത്തിക സേവന ഗ്രൂപ്പായ മാൻയുലൈഫുമായി സംയുക്ത സംരംഭത്തിലേർപ്പെടുന്നു. ചെറുകിട മേഖലയിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കാനും ലക്ഷ്യമിട്ടാണ് സംയുക്ത സംരംഭം.

ആഗോള തലത്തിൽ മാൻയുലൈഫ് എന്ന പേരിലും അമേരിക്കയിൽ ജോൺ ഹാൻകോക്ക് എന്ന പേരിലും സാമ്പത്തിക, ആസ്തി ആസൂത്രണ, ലൈഫ് ഇൻഷൂറൻസ് സേവനങ്ങൾ നൽകുന്ന മുൻനിര ഗ്രൂപ്പാണ് മാൻയുലൈഫ്. 58.98 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് ആഗോള വ്യാപകമായി കമ്പനി കൈകാര്യം ചെയ്യുന്നത്.

ഇന്ത്യയിൽ സാമ്പത്തിക സേവന രംഗത്ത് ശക്തമായ സാന്നിധ്യമുള്ള മഹീന്ദ്ര ഫിനാൻസ് തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യങ്ങൾ നൽകുകയാണെന്ന് മഹീന്ദ്ര ഫിനാൻസ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രമേഷ് അയ്യർ പറഞ്ഞു. ചെറുകിട നിക്ഷേപകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുകയും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട അസറ്റ് മാനേജ്‌മെന്റ് കമ്പനിയായി മാറുകയുമാണു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മ്യൂചൽ ഫണ്ട്, പെൻഷൻ തുടങ്ങിയ പദ്ധതികളിലൂടെ 16 ഏഷ്യൻ വിപണികളിലെ ഒരു കോടിയിലേറെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന തങ്ങളുടെ അനുഭവ സമ്പത്ത് മഹീന്ദ്ര ഫിനാൻസുമായി ചേർന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ലഭ്യമാക്കാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്ന് മാൻയുലൈഫ് ഏഷ്യ സിഇഒ യും പ്രസിഡന്റുമായ അനിൽ വാധവാനി പറഞ്ഞു.