മഹീന്ദ്ര ഫിനാന്‍സ് 3,500 കോടി രൂപ സമാഹരിക്കും

Posted on: January 4, 2019

കൊച്ചി : ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എന്‍ സി ഡി) വില്പനയിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് 3,500 കോടി രൂപ സമാഹരിക്കും. വെള്ളിയാഴ്ച ആരംഭിച്ച് ജനുവരി 25 ന് കടപ്പത്ര ഇഷ്യുവിന്റെ ഒന്നാം ഘട്ടം സമാപിക്കും. 500 കോടിയാണ് ഒന്നാം ഘട്ടത്തിന്റെ അടിസ്ഥാന ഇഷ്യു സൈസ് എങ്കിലും ആവശ്യക്കാര്‍ക്കനുസരിച്ച് ഇത് 3,500 കോടി രൂപ വരെയായി ഉയര്‍ത്തും.

എന്‍ സി ഡികള്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് ഒന്‍പത് മുതല്‍ 9.5 ശതമാനം വാര്‍ഷിക പലിശയാണ് ലഭിക്കുക. സ്ഥിരമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന കടപ്പത്രങ്ങള്‍ക്ക് പ്രധാനമായും നാല് സീരിസുകള്‍ ആണ് ഉണ്ടാവുക.

യാഥാക്രമം 39 മാസം, 60 മാസം, 96 മാസം, 120 മാസം എന്നിങ്ങനെയാണ് വിവിധ സിരീസുകള്‍. ഇവയില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന കടപ്പത്രങ്ങളും അല്ലാത്തവയും ഇഷ്യു ചെയ്യും. ദീര്‍ഘകാല മൂലധന നേട്ടം ഉണ്ടാക്കുന്നതിനും വായ്പാ പുനംക്രമീകരണത്തിനും പൊതുവായ കാര്യങ്ങള്‍ക്കുമായി ഫണ്ട് വിനിയോഗിക്കും.