ലീലാ മേനോൻ അന്തരിച്ചു

Posted on: June 3, 2018

കൊച്ചി : പ്രശസ്ത മാധ്യമപ്രവർത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോൻ (86) അന്തരിച്ചു. കൊച്ചിയിലെ സിഗ്‌നേച്ചർ ഓൾഡ് ഏജ് ഹോമിലായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്‌കരിക്കും.

പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്‌ക്കരമേനോൻ ആണ് ഭർത്താവ്. പെരുമ്പാവൂർ വെങ്ങോല തുമ്മാരുകുടി ജാനകിയമ്മയും പാലക്കോട്ട് നീലകണ്ഠൻ കർത്താവുമാണ് മാതാപിതാക്കൾ. വെങ്ങോല പ്രൈമറി സ്‌കൂൾ, പെരുമ്പാവൂർ ബോയ്‌സ് സ്‌കൂൾ, ഹൈദരാബാദ് നൈസാം കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് 1949 – 1978 കാലഘട്ടത്തിൽ തപാൽ വകുപ്പിൽ പ്രവർത്തിച്ചു.

46 -മത്തെ വയസിൽ 1978 ൽ ഇന്ത്യൻ എക്‌സ്പ്രസിലൂടെ പത്രപ്രവർത്തനരംഗത്ത് എത്തിയ ലീലാ മേനോൻ ഡൽഹി, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. അന്വേഷണാത്മാക പത്രപ്രവർത്തനത്തിന്റെ ജ്വലിക്കുന്ന മുഖമായിരുന്നു ലീലാ മേനോൻ. നിരവധി എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടുകൾ ഇന്ത്യൻ എക്‌സ്പ്രസിലൂടെ പുറത്തുവന്നു.

പ്രിൻസിപ്പൽ കറസ്‌പോണ്ടന്റായിരിക്കെ 2000 ൽ ജോലി രാജിവെച്ചു. തുടർന്ന് ഹിന്ദു, മാധ്യമം, ഔട്ട്‌ലുക്ക്, വനിത, മലയാളം, കേരള മിഡ് ഡേ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റായിരുന്നു. നിലയ്ക്കാത്ത സിംഫണി എന്ന ആത്മകഥ എറെ ചർച്ചചെയ്യപ്പെട്ടു. ഹൃദയപൂർവ്വം എന്ന പേരിൽ തെരഞ്ഞെടുത്ത ലേഖവനങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGS: Leela Menon |