ഇന്ത്യാ മൊബൈൽ കോൺഗ്രസ് 27 ന് ആരംഭിക്കും

Posted on: September 27, 2017

കൊച്ചി : ഏറ്റവും മികച്ച മൊബൈൽ, ഇന്റർനെറ്റ്, സാങ്കേതിക വിദ്യകൾ ഒരുക്കി ഇന്ത്യാ മൊബൈൽ കോൺഗ്രസ് 27 മുതൽ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടക്കും. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കെ &ഡി കമ്മ്യൂണികേഷൻസ് എന്നിവർ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ ടെലികമ്മ്യൂണികേഷൻ, മൊബൈൽ, ഇന്റർനെറ്റ്, കണക്റ്റിവിറ്റി എന്നിവ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യുന്നതിനുള്ള വേദി കൂടിയാണ് ഐഎംസി 2017.

രാജ്യത്ത് ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ മേളയാണിത്. ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം, സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് ഐഎംസി 2017 സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാരായ മനോജ് സിൻഹ, രവിശങ്കർ പ്രസാദ്, നിർമ്മലാ സീതാരാമൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കേന്ദ്ര സെക്രട്ടറിമാരായ അരുണ സുന്ദരരാജൻ, അജയ് പ്രകാശ് സാഹ്നിയും ചടങ്ങിനെത്തും.

വ്യവസായികളായ സുനിൽ ഭാരതി മിത്തൽ, മുകേഷ് അംബാനി, കുമാർ മംഗളം ബിർള എന്നിവരും ഐഎംസി 2017ന്റെ ഭാഗമാകും. ഇന്ത്യ മൊബൈൽ കോൺഗ്രസിന് തുടക്കം കുറിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ് മാത്യൂസ് പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ മേളയിൽ പുറത്തിറക്കുമെന്നും അദേഹം വ്യക്തമാക്കി

കോൺക്ലേവ്, എക്‌സിബിഷൻ, പുരസ്‌കാര ദാന ചടങ്ങ് എന്നിവ ഐഎംസിയിൽ നടക്കും .15000ചതുരശ്ര മീറ്റർ സ്ഥലത്താണ് ഐഎംസി 2017 ന്റെ വേദി. 300 പ്രദർശകർ മേളക്കെത്തും. 500 സ്റ്റാർട്ട് അപ്പുകളും 2000 പ്രതിനിധികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി ഐഎംസിയിൽ പങ്കെടുക്കും. ആകെ 1,50,000 പേർ മേള കാണാനെത്തും. മൂന്ന് ദിവസമായി നടക്കുന്ന ഐഎംസി 2017ൽ 21 സെഷനുകൾ നടക്കും. ഡിജിറ്റൽ ഇന്ത്യ, ഇന്റർനെറ്റ് ഗവേണൻസ്, ഡിജിറ്റൽ വേൾഡ്, സാങ്കേതിക വിദ്യയും സ്ത്രീകളും തുടങ്ങിയ വിവിധ വിഷയങ്ങളിൽ ആയിരിക്കും സെഷനുകൾ .29-ാം തീയതി ഐഎംസി 2017 സമാപിക്കും.