മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മയ്ക്ക് സമീർകൊച്ചാർ ദേശീയ പുരസ്‌കാരം

Posted on: September 8, 2017

തിരുവനന്തപുരം : ഫിഷറീസ് – ഹാർബർ എൻജനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ സമീർ കൊച്ചാർ ഫൗണ്ടേഷന്റെ വികസന പ്രവർത്തനങ്ങൾക്കുളള ദേശീയ പുരസ്‌കാരം. ഫൗണ്ടേഷന്റെ പ്രത്യേക പുരസ്‌കാരത്തിനാണ് മന്ത്രിയെ തെരഞ്ഞെടുത്തത്. ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് തെലുങ്കാന ഐടി മന്ത്രി കെ. ടി. രാമറാവുവിനെയും സ്‌പെഷ്യൽ അവാർഡിനായി തെരഞ്ഞെടുത്തു.

ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സമീർ കൊച്ചാർ ഗ്രൂപ്പ് കഴിഞ്ഞ ദശാബ്ദങ്ങളായി വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികൾക്കും സേവനങ്ങൾക്കും അവാർഡുകൾ നൽകിവരുന്നു. ഗവൺമെന്റ് ആൻഡ് പബ്ലിക് സെക്ടർ, ബാങ്ക് ഫിനാൻസ് സർവീസ് ആൻഡ് ഇൻഷുറൻസ്, സെക്യൂരിറ്റി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, വൈദ്യുതി, വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ, വികസനം എന്നീ മേഖലകളിലാണ് അവാർഡ് നൽകുന്നത്.

പ്രതിസന്ധിയിലായ കശുവണ്ടി മേഖലയെ പുനരുദ്ധരിക്കുന്നതിന് നടത്തിയ ഇടപെടലുകളാണ് മന്ത്രി മെഴ്‌സിക്കുട്ടി അമ്മയെ പ്രത്യേക പുരസ്‌കാരത്തിന് അർഹയാക്കിയത്. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ സെപ്റ്റംബർ 9 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി അവാർഡ് ഏറ്റുവാങ്ങും.