കാണാതായ മ്യാൻമാർ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Posted on: June 8, 2017

യാൻഗോൺ : ഇന്നലെ കാണാതായ മ്യാൻമാർ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ ആൻഡമാൻ സമുദ്രത്തിൽ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തീരനഗരമായ ദാവെയ്ക്ക് സമീപം ആഴക്കടലിലാണ് വിമാനാവശിഷ്ടങ്ങൾ കാണപ്പെട്ടത്. നാല് എൻജിനുകളുള്ള ചൈനീസ് നിർമ്മിത വൈ-8എഫ്-200 ടർബോപ്രോപ്പ് ട്രാൻസ്‌പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ഇതോടെ 122 വിമാനയാത്രക്കാരിൽ ആരും രക്ഷപ്പെട്ടിരിക്കാൻ ഇടയില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഒൻപത് നാവിക കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് തെരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. മ്യാൻമാറിന്റെ തെക്കൻ നഗരമായ മെയ്ക്കിലെ എയർബേസിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് പ്രാദേശികസമയം 1.06 ന് യാൻഗോണിലേക്ക് പുറപ്പെട്ട വിമാനം അരമണിക്കൂറിന് ശേഷം എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട് അപ്രത്യക്ഷമാകുകയായിരുന്നു.

യാത്രക്കാരിൽ പകുതിയിലേറെയും സൈനികരും അവരുടെ കുടുംബാംഗങ്ങളായിരുന്നു. വിമാനയാത്രക്കാരിൽ 35 സൈനികരും 15 കുട്ടികളും 14 വിമാനജോലിക്കാരും ഉൾപ്പെടുന്നതായി മ്യാൻമാർ ആർമി ചീഫിന്റെ ഓഫീസ് വ്യക്തമാക്കി. 2016 മാർച്ചിൽ സൈനിക ഫ്‌ളീറ്റിൽ ഉൾപ്പെടുത്തിയ വൈ-8 വിമാനം 809 ഫ്‌ളൈയിംഗ് അവേഴ്‌സ് മാത്രമെ ഉപയോഗിച്ചിട്ടുള്ളുവെന്ന് സൈനിക വക്താവ് അറിയിച്ചു.