ടെലികോം വകുപ്പ് തരംഗ് സഞ്ചാർ പോർട്ടൽ ലോഞ്ച് ചെയ്തു

Posted on: May 3, 2017

കൊച്ചി : മൊബൈൽ ടവർ, ഇഎംഎഫ് എമിഷൻ കംപ്ലയൻസ് എന്നിവയെക്കുറിച്ചു വിവരം നൽകുന്ന വെബ് പോർട്ടൽ തരംഗ് സഞ്ചാർ കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള ടെലികോം വകുപ്പ് (ഡോട്ട്) പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കമ്യൂണിക്കേഷൻ വകുപ്പിന്റെ സ്വതന്ത്ര ചുമതലയും റെയിൽവേ സഹമന്ത്രിയുമായ മനോജ് സിൻഹയാണ് തരംഗ് സഞ്ചാർ ഉദ്ഘാടനം ചെയ്തത്.

മൊബൈൽ ടവറുകൾ, അവയിൽനിന്നുള്ള റേഡിയേഷൻ തുടങ്ങിയവ സംബന്ധിച്ചു പൊതുജനങ്ങൾക്കുള്ള മിഥ്യാധാരണ മാറ്റുവാൻ തരംഗ് സഞ്ചാർ സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മനോജ് സിൻഹ അഭിപ്രായപ്പെട്ടു. കേന്ദസർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള എമിഷൻ നിബന്ധനകൾ പാലിക്കപ്പെടുന്നുവെന്നു ഉറപ്പാക്കാൻ സാധാരണക്കാരെ ഈ പോർട്ടൽ ശാക്തീകരിക്കുമെന്നും അദേഹം പറഞ്ഞു.

വൈദ്യുതി, ടെലികമ്യൂണിക്കേഷൻ സെക്രട്ടറിയായ പി കെ പൂജാരി മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദേഹം വ്യക്തമാക്കി. രാജ്യാന്തര നിബന്ധനകളേക്കാൾ പത്തിരട്ടി കർശനമായിട്ടാണ് മൊബൈൽ ടവറിൽനിന്നുള്ള ഇലക്‌ട്രോമാഗ്നറ്റിക് വികീരണ നിബന്ധനകൾ ഡോട്ട് നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെലികോം കമ്മീഷൻ അംഗങ്ങളായ ജി കെ ഉപാധ്യായ (ടെക്‌നോളജി), ആർ കെ മിശ്ര (സർവീസസ്), അനുരാധ മിത്ര (ഫിനാൻസ്) എന്നിവർ പ്രസംഗിച്ചു.

പോർട്ടലിൽനിന്നു ഏതൊരാൾക്കും ഇഎംഎഫ് കംപ്ലയൻസ് സ്റ്റാറ്റസ് മനസിലാക്കാം. നാലായിരം രൂപ ഫീസടച്ച് ഏതൊരാൾക്കും ഇഎംഎഫ് എമിഷൻ പരിശോധിക്കുവാൻ ആവശ്യപ്പെടാം. ഡോട്ടിന്റെ ഫീൽഡ് വിഭാഗമായ ടെലികോം എൻഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആൻഡ് മോണിട്ടറിംഗിന്റെ പ്രാദേശിക വിഭാഗമാണ് എമിഷൻ ടെസ്റ്റുകൾ നടത്തുന്നത്.

രാജ്യത്തെ 14.5 ലക്ഷം ബേസ് സ്റ്റേഷനുകളെകുറിച്ചും അവയിലെ ടെക്‌നോളജികളെക്കുറിച്ചും (2ജി, 3ജി, 4ജി തുടങ്ങിയവ) എല്ലാ ടെലികോം സേവനദാതാക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

TAGS: Tarang Sanchar |