സിറിയയിൽ നിന്നു മടങ്ങാൻ ഇന്ത്യക്കാർക്കു നിർദേശം

Posted on: September 1, 2013

Damascus Streetsസിറിയയ്‌ക്കെതിരെ അമേരിക്ക സൈനികനടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ സിറിയയിലുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രഗവൺമെന്റ് നിർദേശം നൽകി. ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയിൽ പേരു രജിസ്റ്റർ ചെയ്യണമെന്നും ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് എസ്.ഡി. ശർമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യക്കാർ ഇപ്പോൾ സിറിയയിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏകദേശം ആയിരത്തോളം ഇന്ത്യൻ പൗരൻമാരാണ് സിറിയയിലുള്ളത്. യുഎന്നിലും സ്വകാര്യ കമ്പനികളിലും സേവനമനുഷ്്ഠിക്കുന്നവരാണ് കൂടുതലും. 70-75 ഇന്ത്യൻ എൻജിനീയർമാർ ഓയിൽ-ഗ്യാസ് മേഖലകളിലും ജോലിനോക്കുന്നു. ക്രൂഡോയിൽ ഉൾപ്പടെ 2012-13 ൽ 80.76 ദശലക്ഷം യുഎസ് ഡോളറിന്റെ ഉത്പന്നങ്ങൾ സിറിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. അതേസമയം 258.77 ദശലക്ഷം യുഎസ് ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് സിറയയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു.