അനുപം മിശ്ര അന്തരിച്ചു

Posted on: December 19, 2016

ന്യൂഡൽഹി : പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ അനുപം മിശ്ര (68) അന്തരിച്ചു. പ്രോസ്റ്ററേറ്റ് കാൻസർ ബാധിച്ച് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. മധ്യപ്രദേശിൽ 1948 ൽ ജനിച്ച അനുപം മിശ്ര ജലസംരക്ഷണ സംവിധാനങ്ങളുടെ പ്രചാരകനായിരുന്നു. പാരമ്പര്യ ജലസ്രോതസുകളുടെ സംരക്ഷണത്തെക്കുറിച്ച് ഗ്രാമങ്ങൾതോറും ബോധവത്കരിച്ചു.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 1996 ൽ ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്‌കാരവും 2007-08 ൽ മധ്യപ്രദേശ് സർക്കാരിന്റെ ഷഹീദ് ചന്ദ്രശേഖർ ആസാദ് നാഷണൽ അവാർഡും 2011 ൽ ജമനലാൽ ബജാജ് അവാർഡും ലഭിച്ചിട്ടുണ്ട്. ഗാന്ധി പീസ് ഫൗണ്ടഷേന്റെ ഗാന്ധിമാർഗ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.