മാലിന്യ സംസ്‌കരണത്തിന് തദേശ ബജറ്റിൽ പരിഗണന നൽകണമെന്ന് നരേന്ദ്ര സിംഗ് തോമാർ

Posted on: November 3, 2016

brics-kochi-meet-inaug-big

കൊച്ചി : മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിൽ പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ. തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ചുള്ള ബ്രിക്‌സ് സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖര-ദ്രാവക മാലിന്യസംസ്‌കരണത്തിൽ തമിഴ്‌നാട് മാതൃക എല്ലാ സംസ്ഥാനങ്ങളും പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 9000 ഗ്രാമങ്ങളിൽ നടത്തിയ പദ്ധതി പ്രകാരം മാലിന്യത്തിൽ നിന്ന് കളനാശിനി ഉണ്ടാക്കുകയാണ് ഈ ഗ്രാമങ്ങൾ ചെയ്യുന്നത്. ഇതുവഴി 40 ലക്ഷം രൂപയാണ് പഞ്ചായത്തുകൾക്ക് കിട്ടുന്ന വരുമാനം. വരും വർഷത്തിൽ 9000 ഗ്രാമങ്ങളിലേക്കു കൂടി ഇത് വ്യാപിപ്പിക്കുകയാണെന്നും നരേന്ദ്ര സിംഗ് തോമാർ പറഞ്ഞു.

പതിന്നാലാം ധനകാര്യ കമ്മീഷൻ ശുപാർശകൾ കേന്ദ്രസർക്കാർ നടപ്പാക്കിയതു വഴി ഗ്രാമപഞ്ചായത്തുകൾക്ക് തടസമില്ലാതെ പണം ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പുരുഷോത്തം റുപാല പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിൽ നിന്നും പഞ്ചായത്തുകൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ പണം വിനിയോഗിക്കേണ്ട പദ്ധതികൾ ഏതൊക്കെയന്ന് തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് അദേഹം പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ വികസന പദ്ധതികളെ ബാധിക്കരുതെന്ന നിർബന്ധം സംസ്ഥാന സർക്കാരിനുണ്ടെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ കെ. ടി. ജലീൽ പറഞ്ഞു. തുറസായ സ്ഥലത്തെ വിസർജ്ജനം ഒഴിവാക്കിയ സംസ്ഥാനത്തിന്റെ നടപടി ഇതിന് ഉദാഹരണമാണ്. രണ്ട് മാസം കൊണ്ട് ഒന്നേമുക്കാൽ ലക്ഷം കക്കൂസുകളാണ് സംസ്ഥാനത്ത് നിർമ്മിച്ചതെന്നും അദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണവർഗം ഗ്രാമങ്ങളിൽ നിന്ന അകന്നാണ് ജീവിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ രാജ്യസഭാ എംപി വിനയ് സഹസ്രബുദ്ധേ പറഞ്ഞു. ഗ്രാമങ്ങളിലെ വികസനത്തിന് ഇത് വിഘാതമായിട്ടുണ്ട്. നേരിട്ടുള്ള ജനാധിപത്യമാണ് ഇന്ത്യയിലെ പ്രത്യേകത. അധികാരം വിട്ടൊഴിയാനുള്ള വിമുഖത, ജനങ്ങളുടെ അമിതമായ പ്രതീക്ഷ തുടങ്ങിയ കാര്യങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുമുണ്ട്. തദ്ദേശ പങ്കാളിത്തത്തോടെയുള്ള ആസൂത്രണത്തിൽ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലേക്കുള്ള ത്വരിതഗതിയിലുള്ള കുടിയേറ്റം ഒഴിവാക്കാൻ എന്തു ചെയ്യണമെന്ന് ഗൗരവമായി ചിന്തിക്കണമെന്ന് രാജസ്ഥാൻ പഞ്ചായത്ത് രാജ് മന്ത്രി സുരേന്ദ്ര ഗോയൽ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരവും സൃഷ്ടിച്ചാൽ തന്നെ ഗ്രാമങ്ങളിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും അദേഹം പറഞ്ഞു.

കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറി ജെ എസ് മാഥുർ സ്വാഗതവും കേന്ദ്ര പഞ്ചായത്ത് രാജ് അഡീഷണൽ സെക്രട്ടറി എ കെ ഗോയൽ നന്ദിയും പറഞ്ഞു. റഷ്യൻ ഫെഡറേഷൻ ബഷ്‌കോർട്ടോസ്റ്റാൻ പ്രവിശ്യ പ്രധാനമന്ത്രി റുസ്തം മർഡനോവ്, ബ്രസീൽ എംബസി പ്രതിനിധി ഫാബിയാനോ, ചൈനീസ് എംബസി ഫസ്റ്റ് ഓഫീസർ കാവോ ഹായിജുൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

TAGS: BRICS |