കശുവണ്ടി പ്രതിസന്ധി : സെപ്‌സി പരിഹാര നിർദ്ദേശങ്ങൾ സമർപ്പിച്ചു

Posted on: September 22, 2016

cepci-tvm-pressmeet-big

തിരുവനന്തപുരം : കാഷ്യൂ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ കശുവണ്ടി വ്യവസായത്തെ രക്ഷിക്കാൻ അഞ്ചിന പരിഹാര നിർദേശങ്ങൾ കേന്ദ്രമന്ത്രിമാരുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. സ്ത്രീകൾക്ക് ഭൂരിപക്ഷമുള്ള, പത്തുലക്ഷം ഗ്രാമീണ തൊഴിലാളികൾ പ്രവർത്തിക്കുന്ന കശുവണ്ടി കയറ്റുമതിമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സെപ്‌സി ശ്രമിക്കുന്നതെന്ന് ചെയർമാൻ പി. സുന്ദരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് ആവിഷ്‌ക്കരിക്കണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കയറ്റുമതിക്ക് പ്രോത്സാഹനമായി നൽകിവരുന്ന ഇൻസെന്റീവ് (എംഇഐഎസ്) അഞ്ച് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി വെട്ടികുറച്ചതും തോട്ടണ്ടിക്ക് ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുത്തിയതുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ. 2015 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കയറ്റുമതി 42,000 മെട്രിക് ടണ്ണിൽനിന്ന്് 2016 ലെ ഇതേ കാലഘട്ടത്തിൽ 25,000 മെട്രിക് ടൺ ആയി. കുറവ് 40 ശതമാനം. കയറ്റുമതി വരുമാനം 2100 കോടി രൂപയിൽനിന്ന് 15 ശതമാനം ഇടിഞ്ഞ് 1700 കോടി രൂപയായതായും അദേഹം ചൂണ്ടിക്കാട്ടി.

വാർത്താസമ്മേളനത്തിൽ. സെപ്‌സി വൈസ് ചെയർമാൻ എം. എ. അൻസാർ, ഭരണസമിതി അംഗം ഡോ. ഭൂതേഷ്, സെപ്‌സി ഉപദേഷ്ടാവ് കെ. ശശിവർമ്മ, ജോയിന്റ് ഡയറക്ടർ ശ്രീമതി, രാജ്‌മോഹൻ എന്നിവരും പങ്കെടുത്തു.