തമിഴ്‌നാട്ടിൽ ഇൻകെൽ നിക്ഷേപക സംഗമം

Posted on: August 13, 2016

INKEL-business-meet-chennai

കൊച്ചി : തമിഴ്‌നാട്ടിൽ നിന്ന് നിക്ഷേപം ആകർഷിക്കുന്നതിന് ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡ് (ഇൻകെൽ) നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 26 ന് ചെന്നൈയിലെ വെസ്റ്റിൻ ഹോട്ടലിലാണ് ചെന്നൈ മീറ്റ് എന്ന നിക്ഷേപക സംഗമം. ഹരിത വ്യവസായങ്ങൾ, സംയുക്ത സംരംഭങ്ങൾ, ഓഹരി പങ്കാളിത്തം എന്നീ മേഖലകളിലാണ് ഇൻകെൽ പ്രധാനമായും നിക്ഷേപം പ്രതീക്ഷിക്കുന്നത്.

വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് നിക്ഷേപം ആകർഷിക്കുന്നതിൽ സംസ്ഥാനം എന്നും മുൻപന്തിയിലാണെന്ന് ഇൻകെൽ എംഡി ടി.ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ അടുത്ത കാലത്തു വന്ന വികസനം അയൽ സംസ്ഥാനങ്ങളിൽ നിന്നും നിക്ഷേപം ആകർഷിക്കാനുതകുന്നതാണെന്ന് സമീപകാലത്തു നടന്ന സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു ഉപയോഗപ്പെടുത്തി കൂടുതൽ ഹരിത വ്യവസായങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇൻകെലിന്റെ പണി പൂർത്തിയായ വ്യവസായ പാർക്ക്, വാണിജ്യ സമുച്ചയങ്ങൾ എന്നിവയിലാണ് പ്രധാനമായും നിക്ഷേപം പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, സ്മാർട്ട്‌സിറ്റി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, ദേശീയ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല എന്നിവയുടെ സാന്നിദ്ധ്യം കേരളത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സ്ഥാനമാക്കി മാറ്റിയെന്നും ടി. ബാലകൃഷ്ണൻ പറഞ്ഞു.

ഇൻഡോ-ഫ്രഞ്ച്, ഇൻഡോ-ടിബറ്റൻ ചേംബർ ഓഫ് കൊമേഴ്‌സുകളിൽ നിന്നടക്കം 120 നിക്ഷേപകർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ മുംബൈ, ബംഗലുരു എന്നിവിടങ്ങളിൽ സമാനമായ സംഗമങ്ങൾ സംഘടിപ്പിക്കാനും ഇൻകെലിന് പദ്ധതിയുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി [email protected] എന്ന ഇമെയിൽ വിലാസത്തിലോ, 0484 6500281 എന്ന ഫോൺ നമ്പറിലോ നിക്ഷേപകർക്ക് ബന്ധപ്പെടാവുന്നതാണ്.