ഹൈറ്റ്‌സിന് ആദ്യ ആഗോള നിർമാണ കരാർ

Posted on: August 12, 2016

HITES-guniya-mou-Big

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയറിന്റെ ഉപസ്ഥാപനമായ ഹൈറ്റ്‌സ് (എച്ച്എൽഎൽ ഇൻഫ്രാ ടെക് സർവീസസ്) പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ 200 കിടക്കകൾ വീതമുള്ള രണ്ട് ആശുപത്രികൾ നിർമിക്കാനുള്ള 233 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. ഇതാദ്യമായാണ് ഹൈറ്റ്‌സ് ഒരു ആഗോള പദ്ധതി നിർവഹണ കരാറിലേർപ്പെടുന്നത്.

ഗിനിയയിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ അവിടത്തെ ആരോഗ്യമന്ത്രാലയത്തിന് ഭാരത സർക്കാർ നൽകുന്ന വായ്പ ഉപയോഗിച്ചായിരിക്കും ആശുപത്രികൾ നിർമിക്കുന്നത്. ഗിനിയയിലെ ഏറ്റവും വലിയ നഗരങ്ങളായ കെൻകൻ, എൻസെരികോറി എന്നിവിടങ്ങളിൽ നിർമിക്കുന്ന ആശുപത്രികളുടെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയാണ് ഹൈറ്റ്‌സിന് ലഭിച്ചിരിക്കുന്നത്. മൂന്നു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.

ഇതുസംബന്ധിച്ച കരാറിൽ ഗിനിയ ആരോഗ്യമന്ത്രി ഡോ.അബ്ദുറഹ്മാൻ ഡയാലോയും ഹൈറ്റ്‌സ് സിഇഒ എസ്എൻ സാത്തുവുമാണ് ഒപ്പുവച്ചത്. ഗിനിയ സർക്കാരിനെ പ്രതിനിധീകരിച്ച് ഡോ.അബൂബക്കർ കോന്റെ, അമദാവു ടിമ്പി ബാഹ് എന്നിവരും ഹൈറ്റ്‌സ് വൈസ് പ്രസിഡന്റ് ആർ.എസ് മൻകുവും ചടങ്ങിൽ പങ്കെടുത്തു.

ഗിനിയ സർക്കാരുമായുള്ള കരാർ ഹൈറ്റ്‌സിന്റെ മികച്ച മറ്റൊരു നേട്ടമാണെന്ന് ഹൈറ്റ്‌സ് ചെയർമാൻ ആർ.പി. ഖണ്‌ഡേൽവാൽ പറഞ്ഞു. പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുകയായിരിക്കും ഇനിയുള്ള ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗിനിയയിലെ ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിശോധിക്കുക, അതനുസരിച്ചുള്ള നിർമാണത്തിനും ഉപകരണസംവിധാനത്തിനും മേൽനോട്ടം വഹിക്കുക, ഇവ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി നിറവേറ്റുക എന്നിവയിലായിരിക്കും ഹൈറ്റ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് എസ്എൻ. സാത്തു ചൂണ്ടിക്കാട്ടി. ഈ പദ്ധതി ലഭിച്ചത് വലിയ ബഹുമതിയായാണ് ഹൈറ്റ്‌സ് കാണുന്നത്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനുള്ള സമ്പൂർണ സ്ഥാപനമെന്ന നിലയിൽ ആഗോള പദ്ധതികളിലേക്കുള്ള പുതിയൊരു കാൽവയ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, മാനേജ്‌മെന്റ് എന്നിവയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനുവേണ്ടിയാണ് എച്ച്എൽഎൽ 2014 ൽ ഹൈറ്റ്‌സിന് രൂപം നൽകിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും കോർപറേഷനുകളുടെയും ഇതര സ്ഥാപനങ്ങളുടെയും നിരവധി പദ്ധതികൾ മുമ്പ് ഹൈറ്റ്‌സ് ഏറ്റെടുത്തിട്ടുണ്ട്.