എ സി സി എ യും സ്‌കിൽ ഡവലപ്‌മെൻറ് കോർപ്പറേഷനുമായി ധാരണ

Posted on: July 25, 2016

 

ISDC-kochi--pressmeet-Bigകൊച്ചി : അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റസ് യോഗ്യതാ പരിശീലനത്തിൽ ഗുണമേന്മയും താങ്ങാനാവുന്ന ചെലവും ഉറപ്പ് വരുത്തുന്നതിനായി അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റസ് ഓഫ് യു. കെ. ഇന്റർനാഷണൽ സ്‌കിൽ ഡവലപ്‌മെൻറ് കോർപ്പറേഷനുമായി കൈകോർക്കുന്നു. എ സി സി എ യുടെ ഇന്ത്യയിലെ അംഗീകൃത പഠന പങ്കാളികളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ പ്രഥമ സ്ഥാനത്തുള്ള ഐ എസ് ഡി സി ക്കുള്ള അംഗീകാരം കൂടിയാണ് പുതിയ കൂട്ടുകെട്ട്.

മത്സരാധിഷ്ഠിത സാമ്പത്തിക സാഹചര്യത്തിൽ കോർപ്പറേറ്റുകൾ കാര്യക്ഷമതയും കൃത്യതയും മികച്ച റിസോഴ്‌സ് മാനേജ്‌മെന്റും ഉറപ്പ് വരുത്തുന്നതിനായി ടോപ് മാനേജ്മെന്റിൽ മികച്ച യോഗ്യതയുള്ള പ്രൊഫഷണൽ അക്കൗണ്ടന്റുമാർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും എ. സി. സി. എ യോഗ്യത നേടിയവർക്ക് വ്യവസായ, വാണിജ്യ, കോർപ്പറേറ്റ് മേഖലയിൽ മികച്ച സാധ്യതകളാണ് ഉള്ളതെന്നും എ. സി. സി. എ എമർജിംഗ് മാർക്കറ്റ്‌സ് മേധാവി ലൂസിയ റീൽ മാർട്ടിൻ അഭിപ്രായപ്പെട്ടു.

പ്രൊഫഷണൽ അക്കൗണ്ടന്റുമാർക്ക് ആഗോളതലത്തിൽ വൻ ഡിമാൻറ് ഉണ്ടെന്നും എന്നാൽ മികച്ച യോഗ്യതയും കാര്യക്ഷമതയുമുള്ളവരുടെ എണ്ണം തൊഴിലവസരങ്ങളെക്കാൾ വളരെ കുറവാണ്. 181 രാജ്യങ്ങളിൽ എ സി സി എ യോഗ്യതയുള്ളവർ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും ലൂസിയ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ആദ്യ ഐ എസ് ഡി എ നേരിട്ടുള്ള പരിശീലന കേന്ദ്രം കൊച്ചിയിൽ ലൂസിയ റീൽ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ഐ എസ് ഡി സി ഡയറക്ട് ആരംഭിക്കുന്ന 30 പരിശീലന കേന്ദ്രങ്ങളിൽ 9 എണ്ണം കേരളത്തിൽ ആയിരിക്കുമെന്ന് ഐ എസ് ഡി സി അക്കാദമിക് റിലേഷൻസ് ഡയറക്ടർ വേണുഗോപാൽ വി മേനോൻ അറിയിച്ചു. എ സി സി എ യുടെ ഗോൾഡ് സ്റ്റാറ്റസുള്ള ലേണിംഗ് പാർട്ണറാണ് ഐ എസ് ഡി സി.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം ഘട്ടംഘട്ടമായി 100 ആയി ഉയർത്തും. എല്ലാ ഐ എസ് ഡി സി ഡയറക്ട് പരിശീലന കേന്ദ്രങ്ങളും എ സി സി എ യുടെ അംഗീകൃത പരിശീലന പങ്കാളിയും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ കേന്ദ്രവും ആയിരിക്കും.

എ സി സി എ ഇന്റർനാഷണൽ ഡവലപ്‌മെൻറ് മേധാവി സാജിദ് ഖാൻ, ഐ എസ് ഡി സി അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ടി.എൻ. പ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.